ഇനി മനസുകൊണ്ടും കംപ്യൂട്ടറില്‍ ടൈപ്പു ചെയ്യാം

0 1,345

Download ShalomBeats Radio 

Android App  | IOS App 

മനുഷ്യരുടെ തലച്ചോറും കംപ്യൂട്ടറും തമ്മില്‍ വയര്‍ലെസായി കണക്ടു ചെയ്യുക എന്നത് സയന്‍സ് ഫിക്ഷനുകളില്‍ മാത്രമുള്ള ഒന്നായിരുന്നു. അതിപ്പോള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഗവേഷകരും ഇത്തരമൊരു പരീക്ഷണത്തിലാണ്. എന്നാല്‍ അവരേക്കാള്‍ നേരത്തെ ഈ അതുല്യം നേട്ടം കൈവരിച്ചിരിക്കുന്നത് മറ്റൊരുപറ്റം ഗവേഷകരാണ്. തുടക്കത്തില്‍, പക്ഷാഘാതമേറ്റ് തളര്‍ന്ന ആളുകള്‍ക്കാണ് ലോകത്തെ ആദ്യത്തെ വയര്‍ലെസായിട്ടുള്ള ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് (ബിസിഐ) എത്തുക. അവര്‍ക്ക് തങ്ങളുടെ മനസ് ഉപയോഗിച്ച് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ടൈപ്പു ചെയ്യാന്‍ ബിസിഐ ടെക്നോളജി സഹായിക്കും. ഇതുവരെ നിലനിന്നിരുന്ന ബിസിഐകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വലിയ കേബിളുകള്‍ ഘടിപ്പിച്ച ട്രാന്‍സ്മിറ്ററുകളും മറ്റും വേണ്ടിയിരുന്നു. അതേസമയം, പുതിയ സംവിധാനത്തിൽ ഉപയോഗിക്കുന്നയാളുടെ തലയ്ക്കു മുകളില്‍ ചെറിയൊരു ട്രാന്‍സ്മിറ്റര്‍ വയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ, മസ്‌കിന്റെ ടീം തലതുരന്ന് ചിപ്പുകള്‍ വയ്ക്കാനാണ് ശ്രമിക്കുന്നത്.

ബ്രൗണ്‍ സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള ന്യൂറോസയന്റിസ്റ്റുകളാണ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഗവേഷകര്‍ ബ്രെയ്ന്‍‌ഗെയ്റ്റ് (BrainGate) എന്ന സംഘടന രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ഇപ്പോള്‍ നടത്തിവരുന്ന പ്രാഥമിക പരീക്ഷണങ്ങളുടെ പേരും ബ്രെയ്ന്‍‌ഗെയ്റ്റ് എന്നാണ്. നട്ടെല്ലിനു പരിക്കുപറ്റിയിരിക്കുന്നതിനാല്‍ ടൈപ്പു ചെയ്യാനോ ക്ലിക്കു ചെയ്യാനോ സാധ്യമല്ലാത്ത രണ്ടുപേരാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. ബ്രെയ്ന്‍‌ഗെയ്റ്റ് തലയില്‍ വച്ചശേഷം ചിന്തകൊണ്ടു മാത്രം ടൈപ്പു ചെയ്യാനും ക്ലിക്കു ചെയ്യാനും സാധിച്ചുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മാത്രമോ, വയേഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന കൃത്യതയും ടൈപ്പിങ്ങിലും ക്ലിക്കിലും കാണാനായി എന്നാണ് പറയുന്നത്. ഒരു ടാബ്‌ലറ്റിലാണ് ഇരുവരും മനസ് ഉപയോഗിച്ച് ടൈപ്പുചെയ്യുകയും ക്ലിക്കു ചെയ്യുകയം ചെയ്തിരിക്കുന്നത്.

ബ്രെയ്ന്‍‌ഗെയ്റ്റിനെ താരതമ്യം ചെയ്യുന്നത് മസ്‌കിന്റെ ന്യൂറാലിങ്കുമായി തന്നെയാണ്. മസ്‌കിന്റെ ഉപകരണം മൊത്തത്തില്‍ തലയോട്ടിക്കുള്ളില്‍ ഘടിപ്പിക്കുന്നതിനാല്‍ അത്തരത്തില്‍ ഒന്ന് ഉള്ളതായി പുറത്ത് കാണാനാകില്ല. ന്യൂറാലിങ്ക് ഇതുവരെ കുരങ്ങുകളിലും പന്നികളിലും മാത്രമാണ് പരീക്ഷിച്ചിരിക്കുന്നത്. തന്റെ ടീമിന്റെ പരീക്ഷണങ്ങള്‍ വിജയമാണെന്ന് മസ്‌ക് പറയുന്നുണ്ടെങ്കിലും, ബ്രെയ്ന്‍‌ഗെയ്റ്റ് ആണ് മനുഷ്യരില്‍ ആദ്യമായി ഈ പരീക്ഷണം വിജയകരമായി നടത്തിയത്.

ബ്രയ്ന്‍‌ഗെയ്റ്റ് സംഘടന മസ്തിഷ്‌കസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നതാണ്. ഐഇഇഇ ട്രാന്‍സാക്ഷന്‍സ് ഓണ്‍ ബയോമെഡിക്കല്‍ എൻജിനീയറിങ് എന്ന പ്രസിദ്ധീകരണത്തിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തങ്ങളുടെ വയര്‍ലെസ് സിസ്റ്റത്തിന് കൃത്യതയോടെ പ്രവര്‍ത്തിക്കാനാകുമെന്ന് തെളിഞ്ഞെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബ്രൗണ്‍ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ബ്രെയ്ന്‍‌ഗെയ്റ്റ് കണ്‍സോര്‍ഷ്യത്തിലെ അംഗവുമായ ജോണ്‍ സിമെറല്‍ പറഞ്ഞു. രണ്ട് ഇഞ്ച് വ്യാസമുള്ള ഉപകരണമാണ് തലയില്‍ വയ്ക്കുക. ഇതിന് 40 ഗ്രാമാണ് ഭാരം. ഇത് തലച്ചോറിലെ മോട്ടോര്‍ കോര്‍ട്ടെക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന ചിപ്പുമായി ഒത്തു പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. മസ്‌കിന്റെ സിസ്റ്റവുമായുള്ള ഇതിനുള്ള വ്യത്യാസം ആളുകള്‍ നേരിട്ട് ഉപകരണവുമായി ബന്ധം സ്ഥാപിക്കേണ്ട എന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് പുതിയ സാധ്യതകള്‍ തുറന്നിടുന്നതായും അവര്‍ അവകാശപ്പെടുന്നു.

ഒരു 35-കാരനും, 63-കാരനുമാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. ഇരുവര്‍ക്കും പക്ഷാഘാതം ബാധിച്ചിട്ടുണ്ട്. ഇരുവരും പുതിയ ബിസിഐ അവരുടെ വീടുകളിലാണ് ഉപയോഗിക്കുന്നത്. നേരത്തെയുള്ള വയേഡ് ബിസിഐ ലാബുകളില്‍ മാത്രമാണ് ഉപയോഗിക്കാനായിരുന്നത്. വയറുകളുടെ ബന്ധനമില്ലാത്തതിനാല്‍ പരീക്ഷണത്തിനു സമ്മതമറിയിച്ചെത്തിയവര്‍ക്ക് അത് തുടര്‍ച്ചയായി 24 മണിക്കൂര്‍ ഉപയോഗിക്കാനായി എന്നും പറയുന്നു. അതുവഴി ധാരാളം ഡേറ്റ ശേഖരിക്കാന്‍ ഗവേഷകര്‍ക്കു സാധിച്ചു. പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ ഉറങ്ങുമ്പോഴുള്ള ഡേറ്റ വരെ ശേഖരിച്ചിട്ടുണ്ട്. മുൻപൊരിക്കലും സാധ്യമാകാത്ത രീതിയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും തങ്ങള്‍ക്ക് സാധിക്കുന്നുവെന്നും മറ്റൊരു ഗവേഷകനായ ലീ ഹോച്ബര്‍ഗ് പറയുന്നു.

തുടക്കത്തില്‍ ഇത്തരം പരീക്ഷണം ഉപകാരപ്രദമാകുക ശരീരം ഏതെങ്കിലും രീതിയില്‍ തളര്‍ന്നു പോയ ആളുകള്‍ക്കാണ്. ബ്രെയ്ന്‍‌ഗെയ്റ്റിന്റെ ഗവേഷണം 2012ല്‍ തുടങ്ങിയതാണ്. വയേഡ് ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു തുടക്കത്തില്‍ പരീക്ഷണങ്ങള്‍. ഇങ്ങനെ ലഭിച്ചുവന്ന വിവരങ്ങള്‍ നിരന്തരം പരിഷ്‌കരിച്ചാണ് പുതിയ നേട്ടം കൈവരിച്ചത്. കംപ്യൂട്ടറുകളും ടാബുകളുമായി നേരിട്ട് ഇടപെടാമെന്നതു കൂടാതെ, തങ്ങളുടെ തളര്‍ന്ന ശരീരഭാഗങ്ങളെ പ്രവര്‍ത്തിപ്പിക്കാന്‍ പോലും ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടവർക്ക് സാധിച്ചേക്കുമെന്നാണ് കരുതുന്നത്.

ടെട്രാപ്ലെഗിയ എന്ന രോഗമുള്ളവരായിരുന്നു പരീക്ഷണത്തില്‍ പങ്കെടുത്തത്. ശരീരം അനക്കുന്നതായി ചിന്തിച്ചാണ് അവര്‍ ബിസിഐ പ്രവര്‍ത്തിപ്പിച്ചതെന്നു പറയുന്നു. ഇതാദ്യമായാണ് ഒരു ഇന്‍ട്രാകോര്‍ട്ടിക്കല്‍ വയര്‍ലെസ് ബിസിഐ ഉപയോഗിച്ച് എക്‌സ്‌റ്റേണല്‍ വയര്‍ലെസ് ട്രാന്‍സ്മിറ്റര്‍ വഴി നടത്തിയ പരീക്ഷണം വിജയിച്ചിരിക്കുന്നത്.

You might also like
Comments
Loading...