ഐ.പി.സി ഗ്ലോബൽ മീഡിയയുടെ 2017-ലെ മികച്ച രചനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

0 491
കുമ്പനാട് : ഐ.പി.സി ഗ്ലോബൽ മീഡിയയുടെ 2017-ലെ മികച്ച രചനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച പുസ്തകത്തിനുള്ള അവാർഡ് ഡോ.തോംസൺ കെ.മാത്യുവിനും മികച്ച ലേഖനത്തിനുള്ള അവാർഡ് ഡോ.ബാബു ജോൺ വേട്ടമലയ്ക്കും മികച്ച കഥയ്ക്കുള്ള അവാർഡ് പാസ്റ്റർ സണ്ണി കെ ജോണിനും നല്ല ടി.വി. ഷോയ്ക്ക് ഹാർവസ്റ്റ് ടി.വിയിൽ ഷാജി മാറാനാഥയുടെ ന്യൂസ് സ്റ്റോറിക്കും ലഭിച്ചു.
‘സ്പിരിച്ചൽ ഐഡൻറിറ്റി ആന്റ് സ്പിരിറ്റ് എംപവേർഡ് ലൈഫ്’ എന്ന ഗ്രന്ഥത്തിനാണ്  ഡോ.തോംസൺ കെ.മാത്യുവിനു അവാർഡ് നേടിക്കൊടുത്ത ഗ്രന്ഥം.
ക്രൈസ്തവ ലോകത്തെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനായ ഡോ.തോംസൺ കെ.മാത്യു മാവേലിക്കര സ്വദേശിയും ഓറൽ റോബർട്ട് യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് തിയോളജി മുൻ ഡീനും പ്രൊഫസർ എമിറേറ്റ്സുമാണ്. ആനുകാലികങ്ങളിൽ ദൈവശാസ്ത്ര വിഷയങ്ങൾ എഴുതാനുള്ള അദ്ദേഹം മികച്ച പ്രഭാഷകനും കൂടിയാണ്.
ഹാലേലുയ്യായിൽ പ്രസിദ്ധീകരിച്ച ‘പുതിയ ഭൂമിയും പുതിയ ആകാശവും’ എന്ന ലേഖനത്തിനാണ് ഡോ.ബാബു ജോൺ വേട്ടമലയ്ക്ക് മികച്ച ലേഖനത്തിനുള്ള അവാർഡിനു പരിഗണിച്ചത്. അദ്ധ്യാപകനുമായ ഡോ.ബാബു ജോൺ ഹീബ്രു, ഗ്രീക്ക് ഭാഷകളിൽ വിദഗ്ധനാണ്.ബ്രിട്ടനിൽ താമസിച്ച് സഭാപ്രവർനത്തോടൊപ്പം കമ്പനി ഓഫീസനുമായി പ്രവർത്തിക്കുന്നു. ഒട്ടേറെ ചിന്തകളും കൊണ്ട് എഴുത്തുമേഖലയിൽ സജീവമായ ഡോ.ബാബു ജോൺ അറിയപ്പെടുന്ന കൺവൻഷൻ പ്രഭാഷകനുമാണ്.
ഓഖിദുരന്തത്തോടനുബന്ധിച്ച് ദുരിതക്കയത്തിലായ കടലിന്റെ മക്കളെക്കുറിച്ച് ഹാർവസ്റ്റ് ടി.വി.യിൽ പ്രസിദ്ധീകരിച്ച ‘ തീരം കേഴുന്നു ; തിരയെടുത്ത ജീവതമോർത്ത് ‘ എന്ന ന്യൂസ് സ്റ്റോറി മികച്ച ടി.വി. ഷോയ്ക്കുള്ള അവാർഡിനു അർഹമായി.
ക്രൈസ്തവ പത്രപ്രവർത്തന രംഗത്ത് രണ്ട് പതിറ്റാണ്ടുകാലമായി സജീവ സാന്നിദ്ധ്യമായ ഷാജി മാറാനാഥയാണ് ഈ ന്യൂസ് സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്.
കൊട്ടാരക്കര തൃക്കണ്ണമംഗൽ ഐ.പി.സി സഭാംഗമായ ഷാജി, മാറാനാഥ വോയ്സ് പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും, ഹാർവസ്റ്റ് ടി.വി.യുടെ എക്സിക്യൂട്ടീവ് എഡിറ്ററുമാണ്. ക്രൈസ്തവ കൈരളിയിലെ പ്രഥമ വാർത്ത ചാനലായ ഹാർവസ്റ്റ് ടി.വി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പരിപാടികൾ സംപ്രേഷണം ചെയ്തു വരുന്നു.
സ്വർഗീയധ്വനിയിൽ പ്രസിദ്ധീകരിച്ച  ‘മരമീടന്മാർ ‘ എന്ന കഥയ്ക്കാണ് പാസ്റ്റർ സണ്ണി കെ.ജോണിനു മികച്ച കഥകൾക്കുള്ള അവാർഡ് നേടിക്കൊടുത്തത്. മനുഷ്യ ജീവിതങ്ങളിൽ രൂപാന്തരം വരുത്തുന്ന വരികളാണ് തന്റെ മിക്ക കഥകളുടെയും പ്രമേയം. രാജസ്ഥാനിൽ ചുരു ജില്ലയിൽ സുജാൽഗഡ് എന്ന സ്ഥലത്ത് കഴിഞ്ഞ എട്ട് വർഷങ്ങളായി സഭാശുശ്രൂഷ ചെയ്യുന്ന കർത്തൃ ദാസനാണ് പാസ്റ്റർ സണ്ണി. ഇന്ത്യൻ ആർമിയിൽ സുബേദാർ ആയിരുന്ന ഇദ്ദേഹം ജോലി രാജിവെച്ച് സുവിശേഷ വേലയ്ക്ക് ഇറങ്ങുകയായിരുന്നു. രാജസ്ഥാനിലെ  ദൈവദാസന്മാരെ ഉൾപ്പെടുത്തി  രാജസ്ഥാൻ ഗോസ്പൽ മിനിസ്ട്രി രൂപീകരിക്കുകയും ഇതിനകം മൂവായിരത്തോളം ഗ്രാമങ്ങളിൽ സുവിശേഷം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഇദ്ദേഹത്തെയും ടീമിനെയും ജാലോർ ജില്ലയിലെ (രാജസ്ഥാൻ) ഓഡ്വാഡാ ഗ്രാമത്തിൽ വെച്ച് 150ഓളം വരുന്ന സുവിശേഷ വിരോധികൾ ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായി പലർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു.
 ആനുകാലികങ്ങളിൽ ഈടുറ്റ കഥകളും ലേഖനങ്ങളും എഴുതിവരുന്ന ഇദ്ദേഹം മലബാറിലെ തനതു ഭാഷാശൈലിയിൽ സാഹിത്യരചനകൾ നടത്തുന്ന എഴുത്തുകാരനാണ്.
ജനുവരി 19ന് കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന ഐ.പി.സി ഗ്ലോബൽ മീഡിയ മീറ്റിനോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ആക്ടിംഗ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ട്രഷറാർ ഫിന്നി പി മാത്യു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!