ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് ‘തിത്‌ലി’; കാലാവസ്ഥാ പ്രവചനം കൂടുതല്‍ വെല്ലുവിളി

0 861

തിരുവനന്തപുരം: ഓഖിയുടെ പാതയിലൂടെ എത്തിയ ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേയ്ക്ക് മാറിയതിനുപിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ഈ ചുഴലിക്കാറ്റിന് ‘തിത്‌ലി’ എന്നാണ് പാക്കിസ്ഥാന്‍ പേര് നല്‍കിയിരിക്കുന്നത്.

ലുബാന്‍ പടിഞ്ഞാറേക്കു നീങ്ങുന്നതിനാല്‍ കേരളത്തെയും ലക്ഷദ്വീപിനെയും ഇനി ബാധിക്കില്ല. എന്നാല്‍, ഒഡീഷ ചുഴലിയുടെ സ്വാധീനം മൂലം കേരളത്തില്‍ ചിലയിടങ്ങളില്‍ ഏതാനും ദിവസംകൂടി ഇടയ്ക്ക് മഴ ലഭിക്കും.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് 720 കിലോമീറ്റര്‍ കിഴക്ക് നിലകൊള്ളുന്ന ന്യൂനമര്‍ദം തീവ്രരൂപം പ്രാപിച്ചാണ് ബുധനാഴ്ചയോടെ ചുഴലിയായി മാറുകയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇത് ഒഡീഷ തീരത്തേക്കു കയറും. ഒരേ സമയം രണ്ട് ചുഴലികള്‍ക്കിടയില്‍പെട്ടതോടെ കേരളത്തിലെ കാലാവസ്ഥാ പ്രവചനം കൂടുതല്‍ വെല്ലുവിളിയായി മാറിയെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

അതേസമയം, ഇത്തവണ തുലാമഴ വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള് പറയുന്നത്. കാലവര്‍ഷം ഏതാണ്ട് പൂര്‍ണമായും പിന്മാറുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ചയോടെ തുലാമഴയ്ക്കു തുടക്കമാകുമെന്നായിരുന്നു ചെന്നൈ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍ ലുബാന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചുഴലി കൂടി രൂപപ്പെടുന്നത് തുലാമഴ വൈകാന്‍ ഇടയാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

രാജ്യത്തുനിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ ഏതാനും ദിവസങ്ങൾക്കകം പിൻവലിയുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അതിവേഗമാണ് ഈ വർഷം മൺസൂൺ പിൻവാങ്ങുന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!