മുന്‍സീറ്റില്‍ കുട്ടികള്‍ വേണ്ട; മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുന്നു, ഗതാഗത നിയമം കര്‍ശനമാക്കുന്നു_

0 1,657

കൊച്ചി: കാറുകളില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്ന രക്ഷിതാക്കള്‍ ഭാവിയില്‍ കുടുങ്ങും. വാഹനാപകടത്തില്‍ പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ച പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടിക്ക് മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങുന്നത്. കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുകയാണ് നടപടിയുടെ മുഖ്യലക്ഷ്യം. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇതിനാവശ്യമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നത് ഉള്‍പ്പെടെയുളള നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കുന്നത്.

നിലവില്‍ കാറിന്റെ മുന്‍സീറ്റിലിരുന്ന് കുട്ടികള്‍ യാത്ര ചെയ്യുന്നത് തടയാന്‍ ഒരു ചട്ടവുമില്ല. അതിനാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മോട്ടോര്‍ വാഹനവകുപ്പ്. എന്നാല്‍ ബാലഭാസ്‌കറിന്റെ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക ഡ്രൈവ് തന്നെ നടത്താനാണ് വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ മേഖല ഓഫീസുകള്‍ക്ക് ആസ്ഥാനത്ത് നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തില്‍ ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരുടെ സംരക്ഷണത്തിനായി സജ്ജീകരിച്ചിരിക്കുന്ന എയര്‍ബാഗ് തുറന്നുവന്നിരുന്നു. ഇതില്‍ ഞെരുങ്ങി ശ്വാസംമുട്ടിയാണ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവന്നത്.

നിലവില്‍ കാറുകളിലെ സീറ്റ് ബെല്‍റ്റ് കുട്ടികള്‍ക്ക് യോജിച്ചരീതിയിലല്ല ക്രമീകരിച്ചിരിക്കുന്നത് . എയര്‍ബാഗ് കുട്ടികള്‍ക്ക് വലിയ ആപത്കരവുമാണ്. ഈ പശ്ചാത്തലത്തില്‍ കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കാനാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.

13 വയസില്‍ താഴെയുളള കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യണം എന്നത് ഉള്‍പ്പെടെയുളള മാര്‍ഗനിര്‍ദേശങ്ങളാണ് മോട്ടോര്‍വാഹനവകുപ്പ് മുന്നോട്ടുവെയ്ക്കുന്നത്. ഇങ്ങനെ ചെയ്താല്‍ പരിക്കേല്‍ക്കാനുളള സാധ്യത 33 ശതമാനം കുറയ്ക്കാന്‍ സാധിക്കും. നാലുവയസുമുതല്‍ എട്ടുവയസുവരെയുളള കുട്ടികള്‍ക്കായി വാഹനത്തില്‍ ബൂസ്റ്റര്‍ സീറ്റ് ഘടിപ്പിക്കണം. ഇത് പരിക്കേല്‍ക്കാനുളള സാധ്യത 59 ശതമാനം കുറയ്ക്കും. ഇത്തരത്തില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുളള മാര്‍ഗനിര്‍ദേശങ്ങളും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...