മന്ത്രി സജി ചെറിയാനെ ചർച്ച് ഓഫ് ഗോഡ് ആദരിച്ചു

0 802

വാർത്ത: ജെയ്‌സ് പാണ്ടനാട്

Download ShalomBeats Radio 

Android App  | IOS App 

മുളക്കുഴ: സംസ്ഥാന ഫിഷറീസ് – സാംസ്കാരിക – യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനെ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആദരിച്ചു. സംസ്ഥാനത്തെ മന്ത്രിയെന്ന ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി സഭാ ആസ്ഥാനത്ത് എത്തിയ ശ്രീ. സജി ചെറിയാനെ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് മെമൻ്റോ നൽകി സ്വീകരിച്ചു.
ചെങ്ങന്നൂർ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ ടീ ടീ ചെറിയാൻ്റെയും ശോശാമ്മയുടെയും മകനായ ശ്രീ സജി ചെറിയാൻ,
വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ യാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. മാവേലിക്കര ബിഷപ്പ് മൂർ കോളജിലെ പഠനത്തിന് ശേഷം പൊതുപ്രവർത്തനത്തിൽ സജീവമായി. കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവത്തിൻ്റെ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എന്ന നിലയിലുള്ള സംഘാടക പാടവം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. എസ്എഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്, ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റിയംഗം, സിഐടീയു ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്, സിപിഐ(എം) ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടറി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സ്പോർട്സ് കൗൺസിൽ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്, കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, അരീക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച സാമൂഹിക, സാംസ്കാരിക പ്രവർത്തകന് നൽകുന്ന പി ടീ ചാക്കോ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ക്രിസ്റ്റീനാ ചെറിയാൻ ആണ് ഭാര്യ. മൂന്ന് പെൺമക്കൾ ഉണ്ട്.
2018 മുതൽ ചെങ്ങന്നൂർ എംഎൽഎ ആയ ശ്രീ. സജി ചെറിയാൻ, ചെങ്ങന്നൂരിൻ്റെ വികസന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം, കരുണ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ. സജി ചെറിയാൻ്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് ശ്രീ. പിണറായി വിജയൻ ക്യാബിനറ്റിൽ ലഭിച്ച മന്ത്രി പദവി. ഫിഷറീസ് – സാംസ്കാരിക – യുവജനകാര്യ – സിനിമാ വകുപ്പിൻ്റെ മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെ അഭ്യുദയകാംഷിയും സുഹൃത്തുമായ ശ്രീ. സജി ചെറിയാൻ ചെങ്ങന്നൂരിൻ്റെ അഭിമാനമാണ്. സംസ്ഥാനത്തെ മന്ത്രി എന്ന നിലയിലുള്ള പദവികളും അധികാരങ്ങളും സമൂഹനന്മക്കും ജനക്ഷേമത്തിനും സുസ്ഥിര വികസനത്തിനും നാടിൻ്റെ പുരോഗതിക്കും പ്രയോജനപ്പെടുമെന്ന് പ്രത്യാശിക്കാം.

Advertisement

You might also like
Comments
Loading...