കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ

0 1,027

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓര്‍ത്തഡോക്സ് സഭ മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യു(54)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയായ ഇവര്‍ കൊല്ലം കല്ലട സ്വദേശിയാണ്.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടത്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. പോലീസും ഫയര്‍ഫോഴ്സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം  സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തി. സിസ്റ്ററിന്റെ മുറിയില്‍ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്.

 

രാവിലെ പള്ളിയിലെ പ്രാര്‍ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസന്‍ വരാന്‍ തയ്യാറിയില്ലെന്നും പിന്നീട് പ്രാര്‍ഥന കഴിഞ്ഞ് വന്നപ്പോളാണ് മൃതദേഹം കണ്ടതെന്നുമാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി. പ്രാര്‍ഥന കഴിഞ്ഞ്  തിരിച്ചെത്തിയപ്പോള്‍ സി.സൂസനെ കോണ്‍വെന്റില്‍ കണ്ടില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് കിണറ്റിന് സമീപം ചോരപ്പാടുകള്‍ കണ്ടെത്തുകയും കിണറ്റില്‍ മൃതദേഹം കണ്ടതുമെന്നുമാണ് മൊഴി.

പോലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്. മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. പുനലൂര്‍ ഡി.വൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Advertisement

You might also like
Comments
Loading...
error: Content is protected !!