ന്യൂനപക്ഷ ക്ഷേമ പദ്ധതി അനുപാതം: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തുവാന്‍ തീരുമാനം

0 379

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വ്വകക്ഷിയോഗത്തിൽ ധാരണയായി. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്നും നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രി ഇന്ന് സർവ്വകക്ഷി യോഗം വിളിച്ചുചേർത്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ. വിജയരാഘവന്‍ (സി.പി.ഐ.എം.) ശൂരനാട് രാജശേഖരന്‍ (ഐ.എന്‍.സി.), കാനം രാജേന്ദ്രന്‍ (സി.പി.ഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം.), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), പി.സി. ചാക്കോ (എന്‍.സി.പി), ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), ജോര്‍ജ് കുര്യന്‍ (ബി.ജെ.പി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്.), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഷാജി കുര്യന്‍ (ആര്‍.എസ്.പി. ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരളാ കോണ്‍ഗ്രസ് ജേക്കബ്), വര്‍ഗ്ഗീസ് ജോര്‍ജ്(ലോക് താന്ത്രിക് ജനതാദള്‍), എ.എ.അസീസ് (ആര്‍.എസ്.പി) എന്നവര്‍ യോഗത്തില്‍ സംസാരിച്ചു.

സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം ക്രൈസ്തവര്‍ അടക്കമുള്ള മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തല്‍. ഇതിനെതിരെ വ്യാപക വിമര്‍ശനവുമായി മുസ്ലിം പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിധിയെ കേരള കാത്തലിക് ബിഷപ്സ് കൗൺസിലും ഇതര ക്രൈസ്തവ സഭകളും സ്വാഗതം ചെയ്തു. പാലക്കാട് രൂപതാംഗമായ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കലാണ് ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്കിയത്.

Advertisement

You might also like
Comments
Loading...