വല്ല്യച്ഛനൊപ്പം നദിയിലെ വെളളപ്പൊക്കം കാണാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.

0 944

ചെങ്ങന്നൂർ: വല്ല്യച്ഛനൊപ്പം നദിയിലെ വെളളപ്പൊക്കം കാണാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവല്ല പായിപ്പാട് പുത്തൻപറമ്പിൽ ബിനോയി എന്ന തോമസ് മാത്തന്‍റെ  മകൻ ജിതിൻ തോമസ് മാത്തൻ (14) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ (11.8.2018) ഉച്ചക്ക് 2.30 ന് വരട്ടാറിലെ മാമ്പറ്റ ചപ്പാത്തിലാണ് സംഭവം.

ജിതിൻ അമ്മയുടെ സഹോദരിയുടെ വീടായ മഴുക്കീർ കാരക്കാണം ജിജിവില്ലയിൽ കെ.പി വർഗീസിന്‍റെ (കുഞ്ഞുമോൻ) വീട്ടിലെത്തിയതായിരുന്നു. ഉച്ചയോടെ കുഞ്ഞുമോൻ മകന്‍റെ മകൻ യു.കെ.ജി വിദ്യാർത്ഥി കെലസിനേയും ജിതിനേയും കൂട്ടി വീടിന് സമീപം വരട്ടാറിന് കുറുകെയുളള ചപ്പാത്തിൽ വെളളം കാണാനെത്തിയതായിരുന്നു. ചപ്പാത്തിന് മുകളിലൂടെയുളള രണ്ടടി പൊക്കത്തിൽ കുത്തി ഒഴുകുന്ന വെളളത്തിലേക്ക് ഇറങ്ങി.

ഈ സമയം കെലസിന്‍റെ കാലിലെ ഒരു ചെരുപ്പും കുടയും ഒഴുക്കിൽപ്പെട്ടു. കുഞ്ഞുമോൻ ഇത് എടുക്കാൻ ശ്രമിക്കാതെ തിരികെ നടന്നു. എന്നാൽ പിന്നാലെ എത്തിയ ജിതിൻ കുടയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണ് ചപ്പാത്തിനടിയിലൂടെ ഒഴുകി പോകുകയായിരുന്നു. ഈ സമയം മറുകരയുണ്ടായിരുന്നവർ നദിയിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജിതിൻ ശക്തമായ ഒഴുക്കിൽ നദിയിലേക്ക് താണുപോയി. സംഭവം അറിഞ്ഞ് ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

Advertisement

You might also like
Comments
Loading...