പാസ്റ്റർ. റ്റി. എസ്. എബ്രഹാം(93 ) നിത്യതയിൽ
പാസ്റ്റര്‍ കെ.ഇ എബ്രഹാം-അന്നമ്മ ദമ്പതികളുടെ പുത്രനായി 1925 -ല്‍ പാസ്റ്റര്‍. റ്റി.എസ് എബ്രഹാം ജനിച്ചു. 1947 ല്‍ ആലുവ യു.സി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഐ.പി.സി യുടെ യുവജനപ്രസ്ഥാനമായ പി.വൈ.പി.എ.യുടെ തുടക്കത്തിൽ മുഖ്യ പങ്ക് വഹിക്കുവാന്‍ പാസ്റ്റര്‍ റ്റി.എസ് എബ്രഹാമിനെ ദൈവം ഉപയോഗിച്ചത്. അമേരിക്കയിലെ ഫെയ്ത്ത് ബൈബിള്‍ കോളേജില്‍ നിന്ന് ബി.ഡിയും സൗത്ത് കരോലിനായിലെ ക്ലര്‍ക്ക് ഫീല്‍ഡ് സ്കൂള്‍ ഓഫ് തിയോളജിയില്‍ നിന്ന് തിയോളജിയിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. 1953 മുതല്‍ രണ്ട് പതിറ്റാണ്ട് ആന്ധ്രയില്‍ സഭാശുശ്രൂഷകനായും സെന്റര്‍ പാസ്റ്ററായും പ്രവര്‍ത്തിച്ചു. 1973-ല്‍ കേരളത്തില്‍ മടങ്ങി വന്നു. 1974-ല്‍ ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറിയായി. 17 വര്‍ഷങ്ങള്‍ എതിരില്ലാതെ അധികാരത്തില്‍ തുടര്‍ന്നു. 1989- ല്‍ സ്റ്റേറ്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ ഒരേസമയം വഹിച്ചു. തുടര്‍ന്ന് 1990 മുതല്‍ 2000 വരെ ജനറല്‍ സെക്രട്ടി, ജനറല്‍ പ്രസിഡന്റ് എന്നി പദവികളില്‍ സഭയ്ക്ക് നേതൃത്വം നല്കി.ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് മൂന്നു പതിറ്റാണ്ടിലേറെ ആത്മീക നേതൃത്വം നല്കിയ ദൈവദാസനാണ് പാസ്റ്റർ. റ്റി. എസ് എബ്രഹാം.
കുമ്പനാട് സെന്റര്‍ ശുശ്രൂഷകന്, ഇന്ത്യാ ബൈബിള്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്നീ പദവികള്‍ വഹിച്ചു. 2006 ല്‍ പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാൽ ഐ.പി.സി യുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചു. സഭ അദ്ദേഹത്തിന് സീനിയര്‍ ജനറല്‍ മിനിസ്റ്റര്‍ എന്ന പദവി നല്കി ആദരിച്ചു. കുമ്പനാട് സെന്റര്‍ ശുശ്രൂഷകനായി തുടരുകയായിരുന്നു.
പരേതയായ മേരി എബ്രഹാമാണ് ഭാര്യ.
മക്കള്‍: റവ.ഡോ.വല്‍സണ്‍ ഏബ്രഹാം, ആനി ജേക്കബ്, സ്റ്റാര്‍ല ലൂക്ക്, ഷേര്‍ളി ചാക്കോ.
മരുമക്കൾ ലാലി എബ്രഹാം, മേജർ ലുക്ക്, ജേക്കബ് തോമസ്, വിജയ് ചാക്കോ