ഇന്ത്യയുടെ ആദ്യ ലോക്‌പാൽ ആയി സുപ്രീംകോടതി മുൻ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി
ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ ലോക്‌പാൽ ആയി സുപ്രീംകോടതി മുൻ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ലോക്പാൽ നിയമന സമിതിയുടെ തീരുമാനത്തിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുമതി നൽകി. അഴിമതിവിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാലിനെ നിയമിക്കാൻ, അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് എൻഡിഎ സർക്കാർ തയാറായത്.
ജസ്റ്റിസുമാരായ ദിലീപ് ബി.ഭോസലെ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാർ ത്രിപാഠി എന്നിവരെ ജുഡിഷ്യൽ അംഗങ്ങളായും മുൻ എസ്എസ്ബി (സശസ്ത്ര സീമാ ബെൽ) അധ്യക്ഷ അർച്ചന രാമസുന്ദരം, മുൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ദിനേഷ് കുമാർ ജയിൻ, മഹേന്ദർ സിങ്, ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവരെ നോൺ– ജുഡിഷ്യൽ അംഗങ്ങളായും നിയമിച്ചു.
എന്താണ് ലോക്‌പാൽ?
രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ചു നടപടിയെടുക്കാൻ നിയോഗിക്കപ്പെട്ടതാണ് ലോക്പാൽ. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവരും മുൻപ് ഈ പദവികളിലുണ്ടായിരുന്നവരും കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരും ലോക്‌പാലിന്റെ പരിധിയിൽ വരും.
സർക്കാർ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, പ്രതിവർഷം 10 ലക്ഷം രൂപയിലധികം വിദേശ സംഭാവന സ്വീകരിക്കുന്ന സ്‌ഥാപനങ്ങൾ എന്നിവയും പരിധിയിൽ വരും. മത, ധർമ സ്‌ഥാപനങ്ങൾ നിയമപരിധിയിലില്ല. സംസ്ഥാനങ്ങളിൽ ലോക്പാലിന്റെ സ്ഥാനത്തു ലോകായുക്തയാണ്. ലോക (ജനങ്ങൾ), പാല (പാലകൻ, സംരക്ഷകൻ) എന്നീ സംസ്‌കൃത പദങ്ങളിൽ നിന്നാണു ജനങ്ങളുടെ സംരക്ഷകൻ എന്ന അർഥത്തിൽ ലോക്‌പാൽ എന്ന പേരുണ്ടായത്.