ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ കേരള സഭക്ക് ആവശ്യമില്ല: സംയുക്ത ക്രൈസ്തവ സമ്മേളനം

0 1,185

ചങ്ങനാശ്ശേരി : സംസ്ഥാന നിയമപരിഷ്‌ക്കരണ കമ്മീഷന്‍ കേരള സര്‍ക്കാരിനു സമര്‍പ്പിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ 2019 കേരള ക്രൈസ്തവ സഭയ്ക്ക് ആവശ്യമില്ലായെന്നും സഭാ സ്വത്തുക്കളുടെ ഭരണത്തിന് വ്യവസ്ഥാപിതവും പരമ്പരാഗതവുമായ രീതിയും സുതാര്യമായ സംവിധാനങ്ങളും കേരളത്തിലെ സഭകള്‍ക്കുണ്ടെന്നും ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന സംയുക്ത ക്രൈസ്തവ സമ്മേളനം. ഇത് നൂറ്റാണ്ടുകളായി സഭാ നിയമമനുസരിച്ചും രാജ്യനിയമങ്ങള്‍ക്ക് വിധേയപ്പെട്ടും നിര്‍വ്വഹിച്ചു വരികയാണെന്നും സമ്മേളനം വ്യക്തമാക്കി.

സ്വത്തുക്കളെ സംബന്ധിച്ചും സഭാംഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളെ സംബന്ധിച്ചും പരിഹാര വേദികളും മാര്‍ഗ്ഗങ്ങളും സഭയില്‍ ഉണ്ട്. കൂടാതെ നിലവില്‍ രാജ്യത്തെ നിയമ സംവിധാനങ്ങളുടെയും കോടതികളുടെയും പരിധിയില്‍ ഇത്തരം സഭാ വിഷയങ്ങള്‍ വരുന്നുമുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ക്കായി പുതിയ ഒരു നിയമ നിര്‍മ്മാണത്തിന്റെ ആവശ്യമില്ല; അതിന് പ്രസക്തിയുമില്ല. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള സംവിധാനങ്ങളാണ് ഭാരതത്തിലെ മതങ്ങള്‍.

മതസ്വാതന്ത്യവും, മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനും സ്വത്തുക്കള്‍ ആര്‍ജിക്കുന്നതിനും അവയുടെ ഭരണം നടത്തുന്നതിനുമുള്ള അവകാശവും ഭരണഘടന പ്രദാനം ചെയ്യുന്ന മൗലീക അവകാശങ്ങളാണ്. വിവിധ മതവിഭാഗങ്ങള്‍ തങ്ങളുടെ വിശ്വാസ സ്വാതന്ത്യവും, സ്വത്ത് സംരക്ഷണാവകാശവും ഇപ്രകാരം നിര്‍വ്വഹിച്ചു വരുമ്പോള്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് മാത്രമായി ഇത്തരമൊരു നിയമനിര്‍മ്മാണം നടത്തുവാന്‍ ശ്രമിക്കുന്നത് മതനിരപേക്ഷതയുടെ ചൈതന്യത്തിന് നിരക്കാത്തതാണ്. ഇതിനു പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരള സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് ഓരോ സഭയിലും നൂറ്റാണ്ടുകളായി നിലവിലുള്ള രീതിയെ മാറ്റിമറിച്ച്, സഭാ സ്വത്തുക്കളെ സര്‍ക്കാര്‍ നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരുവാനുള്ള നീക്കമാണ് പുതിയ ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് കേരള ക്രൈസ്തവ സഭ ആശങ്കപ്പെടുന്നു. അതിനാല്‍ ഇന്ത്യന്‍ ഭരണഘടന മതങ്ങള്‍ക്ക് നല്‍കുന്ന മൗലീക അവകാശങ്ങളില്‍ കടന്നു കയറുന്നതിനോ, ഈ അവകാശങ്ങളെ നിയന്ത്രിക്കുന്നതോ, ആയ ഒരു നീക്കവും ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല.

സഭാസ്വത്തുക്കളുടെ ഇപ്പോഴത്തെ സമാധാന പൂര്‍ണ്ണവും ക്രമവല്‍കൃതവുമായ ഭരണം തര്‍ക്കങ്ങളും വ്യവഹാരങ്ങളും കൊണ്ട് കലുഷിതമാക്കുവാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കും. സഭയുടെ ആന്തരിക സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും സഭാ സ്വത്തുക്കളുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായ നിയമ നിര്‍മ്മാണങ്ങള്‍ അംഗീകരിക്കാനാവില്ല. ഇതിനെതിരെ വിശ്വാസികളുടെ സമൂഹം ജാഗ്രതയുള്ളവരാണ്. ആവശ്യസമയത്ത് വേണ്ട പ്രതികരണങ്ങള്‍ നടത്തുവാന്‍ അവര്‍ സജ്ജരുമാണ്.

അതിനാല്‍ കേരളസഭ ഈ കരട് ബില്ലിനെതിരെ ശക്തമായ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്തുന്നു. ഈ ബില്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കണമെന്നും കേരളാ ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ശക്തമായ തുടര്‍ പ്രതിഷേധവും തുടര്‍ നിയമ നടപടികളും ഉണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

Advertisement

You might also like
Comments
Loading...
error: Content is protected !!