ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയുള്ള മിശ്ര വിവാഹം ലക്നൗവിൽ പോലീസ് തടഞ്ഞു

0 396

ലക്നൗ: വീട്ടുകാരുടെ സമ്മതമുണ്ടായിരുന്നിട്ടും രണ്ടു മതത്തിൽപ്പെട്ടവരുടെ വിവാഹം പൊലീസ് ഇടപെട്ടു തടഞ്ഞു. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ബുധനാഴ്ച രാത്രി വിവാഹേതര ചടങ്ങ് നടക്കുന്നതിനിടെയാണ് പൊലീസ് ഇടപെട്ടത്. റൈന ഗുപ്ത എന്ന ഇരുപത്തിരണ്ടുകാരി ബാല്യകാല സഖിയായ മുഹമ്മദ് ആസിഫ് എന്ന ഇരുപത്തിനാലുകാരനെയാണ് വിവാഹം കഴിക്കാനിരുന്നത്. ഇരു കുടുംബംഗങ്ങളും ചേർന്നാണ് വിവാഹം നടത്തുന്നത്. രണ്ടു കുടുംബങ്ങളിലേയും അംഗങ്ങളും ബന്ധുക്കളും ചേർന്ന് വിവാഹം ആഘോഷമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ അവസാന നിമിഷത്തിലേക്കു കടക്കുന്നതിനിടെ പൊലീസ് എത്തുകയായിരുന്നു. ഹിന്ദു മഹാസഭയുടെ പരാതിയെ തുടർന്നാണ് നടപടി.

Download ShalomBeats Radio 

Android App  | IOS App 

ലക്നൗവിലെ പാരാ പ്രദേശത്തുള്ള ദുഡാ കോളനിയിലാണ് മുസ്ലീം യുവാവുമായി ഹിന്ദു യുവതിയുടെ വിവാഹം നടത്താനിരുന്നത്. വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങിനിടെയാണ് പൊലീസ് എത്തിയത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള നടപടികൾ പാലിക്കാൻ പോലീസ് കുടുംബങ്ങളോട് ആവശ്യപ്പെട്ടു. തുടർന്ന് ചടങ്ങ് മാറ്റിവയ്ക്കാൻ ഇരു കുടുംബങ്ങളും തീരുമാനിച്ചു. നിർബന്ധിതവും സത്യസന്ധമല്ലാത്തതുമായ മതപരിവർത്തനത്തിനെതിരായ പുതിയ ഓർഡിനൻസിനെക്കുറിച്ചും പൊലീസ് ദമ്പതികൾക്ക് വിശദീകരിച്ചു. യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന ഈ നിയമം അടുത്തിടെ ഏറെ ചർച്ചയായിരുന്നു.

“മിശ്ര വിവാഹം നടക്കാൻ പോകുന്നതിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. സംഭവസ്ഥലത്തെത്തിയപ്പോൾ ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തുന്നതെന്ന് മനസ്സിലായി. തുടർന്ന് പുതിയ നിയമത്തെക്കുറിച്ച് വധു-വരൻമാരെയും ബന്ധുക്കളെയും പറഞ്ഞു മനസിലാക്കി. തുടർന്ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തണമെന്ന നിർദേശവും മുന്നോട്ടുവെച്ചു. ഇതുപാലിച്ചു വിവാഹം നടത്താൻ തയ്യാറാണെന്ന് അവർ അറിയിച്ചു. അതിനായി വിവാഹം ഒരു മാസത്തേക്കു മാറ്റിവെച്ചു,” ലക്നൗ സൗത്ത് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ചന്ദ്ര റാവത്ത് പറഞ്ഞു; “പ്രത്യേക വിവാഹ നിയമപ്രകാരം മതം മാറാതെ ദമ്പതികൾക്ക് വിവാഹിതരാകാവുന്നതാണ്, എന്നിരുന്നാലും മതപരിവർത്തനം നടത്തണമെങ്കിൽ ജില്ലാ മജിസ്‌ട്രേട്ടിനോ അഡീഷണൽ മജിസ്‌ട്രേറ്റിനോ 60 ദിവസമെങ്കിലും മുൻ‌കൂട്ടി ഒരു സത്യവാങ്മൂലം നൽകേണ്ടിവരും” അദ്ദേഹം തുടർന്നു.

അതേസമയം വിവാഹത്തിനെത്തിയ ബന്ധുക്കൾ, വ്യക്തിസ്വാതന്ത്ര്യത്തിനു നാട്ടിൽ ഒരു വിലയും ഇല്ലാതായെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇരുകൂട്ടരും ഒരുമിച്ചു നടത്തുന്ന വിവാഹത്തിൽ പോലും പൊലീസ് ഇടപെടുന്നുവെന്നും പുതിയ നിയമം കൊണ്ടുവന്നപ്പോൾ ഉയർന്നുവന്ന ആശങ്കകളിൽ ഒന്ന് സത്യമാണെന്നു വ്യക്തമായിരിക്കുകയാണെന്നും അവർ പറഞ്ഞു.

You might also like
Comments
Loading...