ചരിത്ര നിമിഷം; റഫാല്‍ ഇന്ത്യന്‍ മണ്ണിൽ പറന്നിറങ്ങി

0 1,249

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വ്യോമസേനയ്ക്കായി എത്തുന്ന അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തി. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാൽ. ഹരിയാണയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകിയാണ് വ്യോമസേന സ്വീകരിച്ചത്. ഉച്ചയ്ക്ക് 1.40ഓടെയാണ് ഇന്ത്യൻ സമുദ്രമേഖലയിലേയ്ക്ക് റഫാൽ വിമാനങ്ങൾ പ്രവേശിച്ചത്. ഇന്ത്യൻ ആകാശപരിധിയിലെത്തിയ വിമാനങ്ങൾ അറബിക്കടലിൽ വിന്യസിച്ചിരുന്ന നാവികസേനാ കപ്പൽ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധം സ്ഥാപിച്ചു. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെ ഇന്ത്യയുടെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങൾ റഫാൽ വിമാനങ്ങൾക്ക് ഇരുവശത്തുമായി അകമ്പടിയായി അമ്പാലയിലേയ്ക്ക് തിരിച്ചു. ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്. ഇന്ത്യ അവസാനമായി വാങ്ങിയ യുദ്ധവിമാനം സുഖോയ് 30എസ് വിമാനമാണ്. റഷ്യയിൽ നിന്നാണ് ഇവ വാങ്ങിയത്. ഇന്ധനം നിറയ്ക്കാൻ നിലത്തിറങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി ടാങ്കർ വിമാനങ്ങൾ റഫാലിന് അകമ്പടിയായി ഫ്രാൻസ് അയച്ചിരുന്നു. ഇന്ത്യയിലേയ്ക്കുള്ള യാത്രക്കിടെ ഫ്രാൻസിന്റെ ടാങ്കർ വിമാനങ്ങളിൽനിന്ന് ആകാശത്തുവെച്ച് ഇന്ധനം നിറച്ചിരുന്നു. ടാങ്കർ വിമാനങ്ങളിലൊന്നിൽ 70 വെന്റിലേറ്ററുകളും ഒരുലക്ഷത്തോളം കോവിഡ് ടെസ്റ്റിങ് കിറ്റുകളും 10 പേരടങ്ങുന്ന ആരോഗ്യ വിദഗ്ധ സംഘവും ഫ്രാൻസ് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയുടെ കോവിഡിനെതിരായ പോരാട്ടത്തിൽ സഹായമായാണ് ഫ്രാൻസിന്റെ ഇങ്ങനെ ചെയ്തത്.

You might also like
Comments
Loading...