ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും; മരണം 400 ആയി; 540 ഓളം പേര്‍ക്ക് പരിക്ക്; തുടര്‍ചലന സാധ്യതയുള്ളതിനാല്‍ ജനം ഭീതിയില്‍

0 1,598

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും മരണം 400 ആയതായി റിപ്പോര്‍ട്ടുകള്‍. 540 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലുവില്‍ ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടവരേറെയും. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തുടര്‍ചലന സാധ്യതയുള്ളതിനാല്‍ ജനം ഭീതിയിലാണ്. അതേസമയം 384 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥരീകരണം.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീരദേശപട്ടണമായ പാലു ഉള്‍പ്പെടെ ഒട്ടേറെനഗരങ്ങളില്‍ വെള്ളം കയറി. നിരവധി ആളുകള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. വെള്ളിയാഴ്ച ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ സുലവേസി ദ്വീപിലെ നിരവധി വീടുകള്‍ തകര്‍ന്നടിഞ്ഞു. പ്രദേശത്തെ വൈദ്യുതി, ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്

Download ShalomBeats Radio 

Android App  | IOS App 

ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതു പിന്‍വലിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് പിന്‍വലിച്ച് അധികം കഴിയും മുമ്പേ സുനാമി ആഞ്ഞടിച്ചു. മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. കഴിഞ്ഞ ജൂലൈ -ഓഗസ്റ്റ് മാസത്തില്‍ സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ ഉണ്ടായ ഭൂചലനത്തില്‍ 500 ഓളം പേരുടെ ജീവന്‍ നഷ്ടമായിരുന്നു. 2004 ഡിസംബറില്‍ പശ്ചിമ ഇന്‍ഡോനേഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി 2,30,000 പേര്‍ മരിച്ചിരുന്നു

You might also like
Comments
Loading...