കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം: തീ കെടുത്താനുള്ള ശ്രമം 12 മണിക്കൂറിന് ശേഷവും തുടരുന്നു

0 835

കൊല്‍ക്കത്ത: നഗരത്തിലെ ബഗ്രി മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ 2.30 നാണ് ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തീ കെടുത്താനുള്ള ശ്രമം 12 മണിക്കൂറുകള്‍ക്ക് ശേഷവും തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആളപായമില്ല.

മധ്യ കൊല്‍ക്കത്തയിലെ കാനണ്‍ സ്റ്റ്രീറ്റിലെ കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ മുപ്പതോളം വാഹനങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ അറിയിച്ചു.
അഞ്ചു നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. സ്വര്‍ണാഭരണങ്ങളുടെയും സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും ഷോപ്പുകള്‍, മരുന്നു കടകള്‍ തുടങ്ങിയവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിന് മുന്നിലെ റോഡിന് വീതി കുറവായതിനാല്‍ അഗ്നിശമന സേനാംഗങ്ങള്‍ തീ കെടുത്താന്‍ ബുദ്ധിമുട്ടി. ഗോവണികള്‍ ഉപയോഗിക്കാന്‍ പോലും അഗ്നിശമന സേനയ്ക്ക് കഴിഞ്ഞില്ലെന്ന് സംഭവ സ്ഥലത്തെത്തിയ മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു. തീ കെടുത്താനുള്ള ശ്രമത്തിനിടെ ഏതാനും അഗ്നിശമന സേനാംഗങ്ങള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

കൊല്‍ക്കത്തയിലെ മുഖ്യ വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നിലാണ് വന്‍ അഗ്നിബാധ ഉണ്ടായത്. തീപിടിച്ച കെട്ടിടത്തില്‍ ആരും അകപ്പെട്ടിട്ടില്ലെന്നും ആളപായം ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!