യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ച് പോകുന്നവര്‍ ശ്രദ്ധിക്കുക

0 1,530

അബുദാബി :  സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ ചില കമ്പനികളുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് നിയമ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിസിറ്റിങ് വിസയില്‍ രാജ്യത്ത് വരുന്നവര്‍ പ്രതിഫലം പറ്റുന്നതോ അല്ലാത്തതോ ആയ ഒരു ജോലിയും ചെയ്യാന്‍ പാടില്ലെന്നാണ് യുഎഇയിലെ നിയമം.
സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ച് എത്തുന്നവരെ നിയമം ലംഘിച്ച് കമ്പനികള്‍ ജോലിക്ക്  നിയമിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ജോലി നല്‍കുന്ന സ്ഥാപനങ്ങളില്‍ ആദ്യ തവണ ഒരാള്‍ക്ക് 50,000 ദിര്‍ഹം എന്ന കണക്കില്‍ പിഴ ഈടാക്കും. നിയമം ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകും. സന്ദര്‍ശക വിസയിലുള്ളവരെ ജോലിക്ക് നിയമിക്കുന്ന തൊഴിലുടമ വിദേശിയാണെങ്കില്‍ നാടുകടത്തുകയും പിന്നീട് യുഎഇയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. തൊഴിലുടമ സ്വദേശിയാണെങ്കില്‍ ആറ് മാസത്തെ തടവ് ശിക്ഷയും ലഭിക്കും.
വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. പെട്ടെന്നുള്ള ആവശ്യമാണെന്നും ഉടനെ ജോലിയില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ട ശേഷം പിന്നീട് വിസ മാറ്റാമെന്നാവും വാഗ്ദാനം. എന്നാല്‍ ഇത് പാലിക്കാതെ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ചെയ്ത ജോലിക്ക് ശമ്പളം ലഭിച്ചില്ലെങ്കിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ നേരിട്ടാലോ പ്രശ്നങ്ങളുണ്ടായാലോ പൊലീസിനെയോ അധികൃതരെയോ സമീപിക്കാനാവില്ല. നിയമപരമായി ഇവര്‍ നീങ്ങില്ലെന്ന് ഉറപ്പുള്ളതിനാല്‍ ചൂഷണങ്ങള്‍ക്ക് തൊഴിലുടമകള്‍ മുതിരുമെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

You might also like
Comments
Loading...