ഭാവന :- അയൽസ്‌നേഹം മഹൽസ്നേഹം

0 2,897

പുറകിൽനിന്നും ആരോ നടന്നുവരുന്ന ശബ്ദം കേട്ട് പാസ്റ്റർ തിരിഞ്ഞു നോക്കി. “അല്ല ഇതാര്, അന്നാമ്മച്ചേടത്തിയോ ? എന്തുപറ്റി ഇന്ന് ഇത്രനേരത്തെ വരാൻ ? സാധാരണ സങ്കീർത്തനം വായന കഴിയുമ്പോൾ ആണല്ലോ വരവ്. ഇന്നു കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്”,

“ഓ ! എന്തുപറയാനാ എൻ്റെ പാസ്റ്ററെ , അച്ചായൻ അതിരാവിലെ ബിസിനസ്സ് സംബന്ധമായ എന്തോ കാര്യത്തിന് പുറത്തേയ്ക്കു പോയി, ഇനി നാളെ നോക്കിയാൽ മതി അതുകൊണ്ട് ഞാൻ നേരത്തേ ഇങ്ങു പോരുന്നു”.

ഞാറാഴ്ചയിലും ബിസിനസ്സ് ! എന്തെലുമാകട്ടെ അന്നമ്മച്ചേടത്തി നേരത്തെ വന്നല്ലോ, എന്ന് പറഞ്ഞു പാസ്റ്റർ സഭാഹാൾ തുറന്ന് അകത്തുകയറി. അല്പസമയത്തിനുള്ളിൽ വിശ്വാസികൾ ഒട്ടുമുക്കാലും വന്നെത്തി .പതിവുപോലെ പാസ്റ്റർ പ്രാർത്ഥിച്ചു ആരാധന തുടങ്ങി, ഗായക സംഘം പാട്ടുകൾ പാടി

“സ്നേഹത്തിലൂടെയെല്ലാം കാണുവാൻ, ദൈവ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ”
എല്ലാവരും വളരെ ശക്തമായി കരങ്ങൾ അടിച്ച് ആ പാട്ട് തിരിച്ചും മറിച്ചും ആവർത്തിച്ചാവർത്തിച്ചു പാടി, കൂട്ടത്തിൽ അന്നമ്മ ചേട്ടത്തിയും പാട്ടിൽ ലയിച്ചുപാടിത്തുടങ്ങി. ആ ആരാധന വളരെ നേരം നീണ്ടുനിന്നു. പാട്ടിനും സങ്കീർത്തനത്തിനും സാക്ഷ്യത്തിനും,വചന ധ്യാനത്തിനും ശേഷം കൃത്യ സമയത്തുതന്നെ ആരാധന അവസാനിച്ചു. എല്ലാവരോടും യാത്രപറഞ്ഞു അന്നമ്മചേടത്തി വീട്ടിലേക്ക് പോയി.

വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച , തന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. രോഷാകുലയായ അന്നാമ്മ നിന്നു വിറക്കാൻ തുടങ്ങി പെട്ടന്ന് വീട്ടിനുള്ളിൽ കയറി ഒലക്ക എടുത്തോണ്ടു വന്ന് ചന്നം പിന്നം അടി തുടങ്ങി. അടി കൊണ്ട് അയലത്തെ മേരിയുടെ തള്ളയാട് അലറി കരഞ്ഞു. കലി തീരാത്ത അന്നാമ്മ അതിനെ വലിച്ചിഴച്ചു ഒരു തൂണിൽ കെട്ടിയിട്ടു. വരട്ടെ ! ഉത്തരവാദിത്തപെട്ടവർ വരട്ടെ !, ഇന്നിതിന് പരിഹാരം കാണാതെ ആടിനെ കൊടുക്കുന്ന പ്രശ്‌നം ഇല്ല .

ആടിൻറെ അലമുറ കേട്ട് മേരി ഓടിവന്നു. അപ്പോഴും അന്നാമ്മ കലികൊണ്ട് വിറക്കുകയാണ്. വിറച്ചുകൊണ്ടു പറഞ്ഞു “മഴ ഇല്ലാഞ്ഞിട്ട് എത്ര ദൂരം പോയി വെള്ളം ചുമന്നുകൊണ്ടു വന്നാ ഈ മരച്ചീനി കമ്പ് ഇത്രയും വലുതാക്കിയത് ഞാൻ ആരാധനയ്ക്കു പോയ സമയത്ത് വർക്കത്തില്ലാത്ത നിന്റെ ആട് വന്ന് എല്ലാം തിന്നുകളഞ്ഞു, നീ അങ്ങോട്ട് നോക്ക് നഷ്ട പരിഹാരം തരാതെ ഞാൻ ആടിനെ തരില്ല , അത്രയ്ക്ക് കഷ്ടപെട്ടതാ. ”

മേരി ആവതു പറഞ്ഞിട്ടും അന്നാമ്മ വിട്ടുകൊടുക്കുന്ന ലക്ഷണം ഇല്ല, അവസാനം അന്നാമ്മ ചേടത്തി ആവശ്യപ്പെട്ട 1000 രൂപ കൊടുക്കാൻ തീരുമാനിച്ചു, പക്ഷെ ഇപ്പോൾ തൻ്റെ കയ്യിൽ മകളുടെ ഫീസ് കൊടുക്കാൻ വെച്ചിരിക്കുന്ന 500 രൂപയെ ഉള്ളു . മനസില്ലാ മനസോടെയാണങ്കിലും 500 രൂപ വാങ്ങി അന്നമ്മ ചേടത്തി ആടിനെ വിട്ടുകൊടുത്തു, മകൾക്ക് ഫീസ് കൊടുക്കാൻ 1000 രൂപ വേണം , ആടിന്റെ പാൽ വിറ്റ് 500 രൂപ ഒപ്പിച്ചുവെച്ചത് ഇങ്ങനെയായി. നാളെ ഫീസ് അടക്കേണ്ട അവസാന ദിവസമാണ് , അടച്ചില്ലെങ്കിൽ ക്ലാസിൽ നിന്നും ഇറക്കി വിടും. അതോടെ അവളുടെ പഠിത്തവും കഴിയും, മോളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും, മേരിയുടെ ഹൃദയം വിതുമ്പി.

“ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ മനസു തകർന്നവരെ അവൻ രക്ഷിക്കുന്നു”, തൻ ഇന്ന് രാവിലെ വായിച്ച വേദ വാക്യം മേരി ഓർത്തു. അൽപസമയം ദൈവ സന്നിധിയിൽ തന്റെ സങ്കടം ബോധിപ്പിച്ചു മേരി പ്രാർത്ഥിച്ചു. “കർത്താവെ ഒരു വഴി തുറക്കണേ”!

അന്നാമ്മയുടെ വീട്ടിൽ സന്ധ്യാ പ്രാർത്ഥനക്കു സമയമായി , ഇച്ചായൻ നാളെയേ വരൂ എന്ന് പറഞ്ഞാണ് പോയത് , അന്നാമ്മ ഒറ്റക്ക് പ്രാർത്ഥിക്കാനിരുന്നു, പാട്ടുപുസ്തകം എടുത്ത് തിരിച്ചും മറിച്ചും നോക്കി, പാടാൻ കഴിയുന്നില്ല, ബൈബിൾ വായിക്കാമെന്നു വെച്ചപ്പോൾ അതിനും കഴിയുന്നില്ല. എന്തോ ഒരു വലിയ ഭാരം തന്റെമേൽ വെച്ചതുപോലെ തോന്നുന്നു. പെട്ടന്ന് ഇന്ന് രാവിലെ പാടി ആരാധിച്ച പാട്ട് തന്റെ ഓർമ്മയിൽ വന്നു.
“സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
ദൈവ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ”
തൻ ഒന്ന് ഞെട്ടി, തനിക്കതിനു കഴിഞ്ഞോ ?, പാടിയാരാധിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞില്ല, ഒരു ദയയും ഇല്ലാതെയല്ലേ മേരിയുടെ ആടിന്റെ കാല് തല്ലിയോടിച്ചത്, അതും പോരാഞ്ഞ് മകൾക്കു ഫീസ് കൊടുക്കാൻ വെച്ചിരുന്ന 500 രൂപയും താൻ വാങ്ങി, എന്തൊരു ക്രൂരത,

അന്നാമ്മ ഭക്ഷണം കഴിച്ചെന്നുവരുത്തി ഉറങ്ങാൻ കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല, വേദനകൊണ്ടു പുളയുന്ന ആടിന്റെ രംഗം, കൈ കൂപ്പി തന്നോട് കെഞ്ചുന്ന മേരിയുടെ മുഖം. ഒന്ന് മാറി ഒന്ന് മാറി മനസ്സിൽ തെളിയുകയാണ്. സ്വസ്ഥത നഷ്ടപ്പെട്ട അന്നാമ്മ ചാടി എഴുന്നേറ്റു, മാപ്പിനായി ദൈവത്തോട് അപേക്ഷിച്ചു. മാത്രമല്ല അവൾ ചില തീരുമാനങ്ങളും എടുത്തു, പിന്നെ എത്രനേരം ഉറങ്ങിയെന്ന് അറിയില്ല. നേരം വെളുത്തപ്പോൾ അന്നാമ്മ മേരിയുടെ വീട്ടിലോട്ട് ഓടി, മേരിയെ വിളിച്ചുണർത്തി. ബാക്കി രൂപ വാങ്ങാൻ വന്നതാണോ എന്ന് കരുതി മേരി കതകു തുറക്കാൻ മടിച്ചു, “വേഗം തുറക്കൂ മേരി” , നീ എന്നോട് ക്ഷമിക്കുമോ ? അതൊരു തേങ്ങൽ ആയിരുന്നു. താൻ കൊണ്ടുവന്ന കവർ മേരിയുടെ കയ്യിൽ കൊടുത്തിട്ടു അന്നാമ്മ പറഞ്ഞു , ഇത് 1000 രൂപയുണ്ട് മകളുടെ ഫീസ് ഇന്നുതന്നെ അടക്കുക, നന്നായി പഠിക്കുന്ന കുട്ടിയല്ലേ പഠനം മുടക്കണ്ട. മേരി അന്നമ്മയെ കെട്ടിപ്പിടിച്ചു ചുംബിച്ചു, ക്ഷമ ചോദിച്ചു , രണ്ടു പേരും പരസ്പരം നോക്കി കരഞ്ഞു .

കാര്യം അറിയാതെ കടന്നുവന്ന അന്നാമ്മയുടെ അച്ചായൻ ആ രംഗം കണ്ട് പകച്ചു നിന്നു, അവർ മൂവരും ചേർന്നു പാടി

“സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
ദൈവ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ”

ഓ. സോമൻ
അഹമ്മദാബാദ്

Advertisement

You might also like
Comments
Loading...
error: Content is protected !!