ലേഖനം | മാറുന്ന സംവത്സരം മാറാത്ത ദൈവം | ജോസ് പ്രകാശ്

0 851

മാറുന്ന സംവത്സരം
മാറാത്ത ദൈവം

പരദേശ പ്രയാണത്തിലെ സംഭവബഹുലമായ ഒരു സംവത്സരം കൂടെ അതിവേഗം നമ്മോട് വിട ചൊല്ലി. ഇന്നലെക്കാൾ നാം പ്രിയന്റെ വരവിനോട് ഏറ്റവും അടുത്തു കഴിഞ്ഞു. ദൈവം നമ്മെ പരിപാലിച്ച, കരുതിയ, പുലർത്തിയ വിധങ്ങൾക്ക് അധികമായി നന്ദിയേകുവാൻ ആണ്ടവസാനം വരെയോ പുതുവർഷ പുലരി വരെയോ കാത്തിരിക്കേണ്ടതില്ല. നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമന്ന് അതിശയമായ് വഴി നടത്തുന്ന നല്ലിടയനെ ഇടവിടാതെ സ്തുതിക്കേണ്ടതും നന്ദിയോടെ ഓർക്കേണ്ടതും നമ്മുടെ കടമയാണ്. എല്ലാ ദിവസവും ദൈവത്തിന്റെ ദാനമാകയാൽ എല്ലാകാലത്തും അവിടുത്തെ മഹത്വപ്പെടുത്തി താഴ്മയോടെ നമുക്ക് ജീവിക്കാം.

ജനിച്ച നാൾ മുതൽ ഇന്നുവരെ പുലർത്തിയ, സകലവിധ ദോഷങ്ങളിൽ നിന്നും വിടുവിച്ച ദൈവത്തെ നാൾതോറും ആരാധിച്ചും, സേവിച്ചും, മാനിച്ചും, സ്നേഹിച്ചും ജീവിക്കുന്ന നാം പിന്നിട്ട നാളുകളിലെ ദൈവീക സംരക്ഷണം ഓർത്താൽ അറിയാതെ ആനന്ദത്തിൻ അശ്രുപൊഴിയും, നടത്തിയ വിധങ്ങൾക്കായി അളവില്ലാതെ നന്ദി ചൊല്ലും.

നാശകരമായ മഹാമാരിയുടെ പിടിയിൽ അകപ്പെടാതെ പിന്നിട്ട വർഷം മുഴുവൻ നാഥൻ നടത്തിയ വഴികൾ ഓർത്തിടുമ്പോൾ ഓരോന്നോരോന്നായി വർണ്ണിച്ചീടാൻ വാക്കുകൾ പോരാ. കണ്ണിനെ കണ്ണുനീരിൽ നിന്നും കാലിനെ വീഴ്ചയിൽ നിന്നും പ്രാണനെ മരണത്തിൽ നിന്നും രക്ഷിച്ച രക്ഷകനായ ദൈവത്തിന്റെ സകല ഉപകാരങ്ങൾക്കും നാം എന്തു പകരം കൊടുക്കും?
നമ്മുടെ പ്രാർത്ഥനയും യാചനകളും കേട്ട് ഉത്തരമരുളിയ ജീവിക്കുന്ന മഹാദൈവത്തെ നന്ദിയോടെ സ്തുതിക്കാം. എൻ മനമേ, യഹോവയെ വാഴ്ത്തുക; ദൈവം ചെയ്ത ഉപകാരങ്ങൾ ഒന്നും മറക്കരുതു.

സാഹചര്യങ്ങൾ പലതും മാറിയെങ്കിലും ദൈവം മാറിയില്ല അതുകൊണ്ടാണ് നാം നശിച്ചു പോകാത്തത്. നാം മുടിഞ്ഞു പോകാത്തത് ദൈവത്തിന്റെ ദയ ആകുന്നു. തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ ദൃഷ്ടി ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ എപ്പോഴും നമ്മുടെമേൽ ഉണ്ടായിരുന്നു (വിലാപ 3:22; മലാഖി 3:6).

നാം ഇന്നുവരെ നിലനിന്നത് ദൈവത്തിന്റെ കരുണയാലാണ്. ദൈവം നമ്മുടെ പക്ഷത്തും പാളയത്തിലും ഉണ്ടായിരുന്നു സ്തോത്രം. വീണ്ടെടുക്കപ്പെട്ട നാം പറയേണ്ടതെന്തെന്നാൽ, ”യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ ; മഹാമാരി നമ്മെ നശിപ്പിക്കുമായിരുന്നു, പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു. എന്നാൽ മഹാമാരി മറഞ്ഞു വന്നപ്പോൾ നാം അത്യുന്നതന്റെ മറവിടത്തിലും, പെരുവെള്ളം കവിഞ്ഞ് പൊങ്ങിയപ്പോൾ യേശുവിന്റെ കരങ്ങളിലുമായിരുന്നു. അഗ്നിജ്വാല സമാനമായ അനുഭവങ്ങളിൽ കർത്തൻ രണ്ടാമനായി കൂടെ ഉണ്ടായിരുന്നു. വൈഷമ്യ മേടുകളിൽ കരം പിടിച്ചു നടത്തിയ ദൈവം നമ്മുടെ കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായിരുന്നു.

പലവിധ കഷ്ട നഷ്ടങ്ങൾ സഹിച്ചെങ്കിലും നുറുങ്ങിപ്പോകാത്തതും; ബുദ്ധിമുട്ടിയപ്പോൾ നിരാശപ്പെടാത്തതും,
ഉപദ്രവം അനുഭവിച്ചെങ്കിലും ഉപേക്ഷിക്കപ്പെടാതിരുന്നതും; വീണു പോയപ്പോൾ നശിച്ചുപോകാത്തതും ഉടയോന്റെ സംരക്ഷണം കൊണ്ട് മാത്രമാണ്.

കഴിഞ്ഞു പോയ സംവത്സരത്തെ നന്മ കൊണ്ട് അലങ്കരിച്ച ദൈവം, നാം നേരോടെ നടക്കുമെങ്കിൽ നവവർഷത്തിലും ഒരു നന്മയും മുടക്കുകയില്ല. നമുക്കായി ചെയ്ത വലിയ നന്മയെ ഓർത്തു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടും കൂടെ ദൈവത്തെ സേവിക്കാം. പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.

എഴുപതോ എൺപതോ സംവത്സരം മാത്രം ദൈർഘ്യമുള്ള ഈ ആയുഷ്കാലം ക്ഷണത്തിൽ തീരും. മർത്യരെ ദൈവം തിരികെ വിളിക്കും. കാഹളം ധ്വനിക്കുന്ന മാത്രയിൽ മരിച്ചവർ അക്ഷയരായി ഉയിർക്കും, നാം രൂപാന്തരപ്പെട്ടു പറന്നു പോകേണ്ട ആ നല്ല നാളിനായി വിശുദ്ധിയോടും പ്രത്യാശയോടും കൂടെ കാത്തിരിക്കാം.

ക്രിസ്തുവിൽ,
ജോസ് പ്രകാശ്

Advertisement

You might also like
Comments
Loading...
error: Content is protected !!