ലേഖനം | നാം ആയുധം മാത്രമാകുമ്പോൾ | ഡോ. അജു തോമസ് സലാല

0 1,899

കർത്താവായ യേശു ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു വിശ്വാസ ജീവിതത്തിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തിയെ കുറിച്ചും ദൈവത്തിനു മഹത്വകരമായ പദ്ധതികൾ ഉണ്ട്. വിശ്വാസ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ദൈവം അത് വെളിപ്പെടുത്തി ആ പദ്ധതികളുടെ പൂർത്തീകരണം നമ്മിലൂടെ ചെയ്തെടുക്കും. മറ്റുള്ളവരോട് സുവിശേഷം അറിയിച്ചു രക്ഷ മാർഗ്ഗത്തിലേക്കു അവരെ നയിക്കുക എന്ന ഒരു പദ്ധതി ചിലരെ കുറിച്ച് ദൈവം വിഭാവനം ചെയ്യുമ്പോൾ അനേകരെ സഹായിക്കുവാൻ ഉള്ള പദ്ധതി ആയിരിക്കും മറ്റു ചിലരെ കുറിച്ച് ദൈവം വിഭാവനം ചെയ്യുന്നത്. ചിലർക്ക് കൃപാവരങ്ങളുടെ ശുശ്രൂഷ നൽകി ആ നിലയിൽ ദൈവം അവരെ എടുത്തു ഉപയോഗിക്കുമ്പോൾ വചനത്തിന്റെ മർമ്മങ്ങൾ വെളിപ്പെടുത്തി ആധികാരികമായി പ്രസംഗിക്കുവാൻ വേറെ ചിലരെ ദൈവം തന്റെ കരങ്ങളിൽ എടുത്തു ഉപയോഗിക്കുന്നു.

ഒരു ആയുധത്തെ പണി ചെയ്യുവാൻ ഏതു നിലയിൽ എടുത്തു ഉപയോഗിക്കുന്നുവോ അതെ നിലയിൽ ആണ് നമ്മെ ഓരോരുത്തരെയും ദൈവരാജ്യ വ്യാപ്തിക്കായി ദൈവം എടുത്തു ഉപയോഗിക്കുന്നത്. പണിയറിഞ്ഞു ആയുധത്തെ ആ നിലയിൽ മിനുക്കി എടുത്തു, ഉപയോഗശൂന്യമായെങ്കിൽ പോലും രാകി തിളക്കമുള്ളതാക്കിയെടുത്തു തന്റെ പദ്ധതി നിർവഹണത്തിനായി ദൈവം ഒരുക്കിയെടുക്കുന്നു. ദൈവം തന്നെ തികവുള്ളതാക്കിയെടുത്തത് കൊണ്ട് പണിയിൽ നാം ആകുന്ന ആയുധം നല്ല നിലയിൽ ഉപയോഗിക്കപ്പെടുന്നു. അങ്ങനെ ദൈവരാജ്യത്തിനു പ്രയോജനം വരത്തക്കനിലയിൽ നമ്മിലൂടെ ദൈവീക പദ്ധതികൾ നിറവേറപ്പെടുന്നു.

എന്നാൽ ദൈവകരങ്ങളിലെ ആയുധങ്ങളായ നമ്മിൽ ചിലരിലെങ്കിലും കാലങ്ങൾ കഴിയുമ്പോൾ ചില അനഭലഷണീയ പ്രവണതകൾ കണ്ടു തുടങ്ങാറുണ്ട്. ദൈവകരത്താൽ ഒരുക്കിയെടുക്കപ്പെട്ടതു ആണെങ്കിലും, ദൈവീക പദ്ധതിക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടതു ആണെങ്കിലും, നമ്മുടെ കഴിവ് കൊണ്ടാണ് പലതും ചെയ്തത് എന്ന തോന്നലിനു അടിമപ്പെട്ടു പോകാറുണ്ട്. പല ദൈവദാസന്മാരും അവരുടെ പ്രസംഗത്തിൽ മറ്റു സ്ഥലങ്ങളിൽ നടന്ന രോഗസൗഖ്യത്തെ കുറിച്ചും മാനസാന്തരങ്ങളെ കുറിച്ചും ഒക്കെ പറയുന്നത് ഒരു രീതിയായി കണ്ടു വരുന്നു. ദൈവത്തന്റെ പദ്ധതിക്കായി ആ നിലയിൽ അവരിൽ കൂടി കഴിഞ്ഞ നാളുകളിൽ ദൈവം പ്രവർത്തിച്ചത് ഒരു വസ്തുത ആണെങ്കിലും, അത് വേറൊരു പ്രസംഗ സ്ഥലത്തു പറയുക വഴി തന്റെ ശുശ്രൂഷയുടെ മഹത്വം വിളിച്ചു പറയാൻ ഉള്ള ശ്രമമായി മാത്രമേ അടയാളപ്പെടുത്താൻ കഴിയൂ. ഇരുട്ടിൽ മറഞ്ഞു കിടക്കുന്ന ഗുപ്തനിധികളായ വചന മർമ്മങ്ങൾ ദൈവം ഇടയ – വിശ്വാസി പരിഗണന കൂടാതെ നമ്മിൽ ആർക്കെങ്കിലും വെളിപ്പെടുത്തിത്തരുന്നു എങ്കിൽ ദൈവാരാജ്യവ്യാപ്തിക്കായി പ്രവർത്തിക്കുവാൻ ഒരുക്കിയെടുക്കപ്പെടുന്ന ആയുധം മാത്രമാണ് നാം എന്ന് തിരിച്ചറിയാതെ പോവരുത്. മറിച്ചു, നമ്മുടെ ശക്തിയാൽ ആർജ്ജിച്ചെടുത്ത “അറിവുകൾ” എന്ന് നാം കരുതി തുടങ്ങിയാൽ നമ്മുടെ പരാജയത്തിന്റെ ആരംഭമാകും അത് എന്നും മനസ്സിലാക്കാതെയിരിക്കരുത്.
“ഓടിയതും അധ്വാനിച്ചതൊന്നും നാമല്ല, എല്ലാം എല്ലാം നമ്മിലുള്ള ദൈവകൃപയാൽ, ഈ കൃപ നമ്മിൽ നിന്നങ്ങു എടുത്തു മാറ്റിയാൽ പിന്നെ നമ്മെ ഒന്നിനും കൊള്ളുകയില്ല” എന്ന ഗാനം ഈ വിഷയവുമായി ബന്ധപ്പെട്ടു അങ്ങേയറ്റം പ്രസക്തമാണ്. നാമാകുന്നത് കൃപയാൽ ആണ്, ദൈവകൃപയാൽ മാത്രമാണ്. കൃപ തന്ന ദൈവത്തിനു കൃപ എടുത്തു മാറ്റുവാനും കഴിയും എന്നത് എന്നും നമ്മുടെ ഓർമ്മയിൽ ഇരിക്കേണ്ടതാണ്. മറ്റു ആയുധങ്ങൾ ഇല്ലാതെ ഇരുന്നത് കൊണ്ടല്ല നമ്മെ ദൈവം ചില പദ്ധതികൾക്കായി തിരഞ്ഞെടുത്തത്, ആയതിനാൽ ദൈവകൃപയുടെ ആഴം മനസ്സിലാക്കി നമ്മെ തന്നെ താഴ്ത്തി ദൈവകരങ്ങളിൽ കൊടുക്കേണ്ട കാലഘട്ടമാണ് ഇത്. അതെ, നാം ആയുധം മാത്രമാണ്, ആയുധത്തിനു പ്രത്യേക ശക്തിയില്ല, ആയുധം എടുത്തു ഉപയോഗിക്കുന്ന ദൈവത്തിന്റെ ശക്തിയാൽ ആണ് പണി നല്ല നിലയിൽ നടക്കുന്നത്. എപ്പോഴെങ്കിലും “സ്വന്ത കഴിവിനാൽ” ആണ് കഴിഞ്ഞ നാളുകളിൽ ചില കാര്യങ്ങൾ ഒക്കെ ചെയ്യാൻ കഴിഞ്ഞത് എന്ന് തോന്നുന്ന ഘട്ടം ആരുടെ എങ്കിലും ജീവിതത്തിൽ വന്നിട്ടുണ്ടെങ്കിൽ പറ്റിയ തെറ്റിന് ദൈവത്തോട് നിരപ്പ് പ്രാപിച്ചു ദൈവം സന്തോഷിക്കുന്ന നിലയിലേക്ക് നമുക്ക് മടങ്ങി വരാം.

- Advertisement -

You might also like
Comments
Loading...
error: Content is protected !!