ലേഖനം | ത്രിശിരസ്സിന്‍ ശിഷ്യരോ നമ്മള്‍? | Pr. ലിജോ ജോണി ഒമ്മല

0 127

ത്രിശിരസ്സിന്‍ ശിഷ്യരോ നമ്മള്‍?

മൂന്ന് തലകളുള്ള ഒരാളുടെ കഥ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിശ്വരൂപന്‍ എന്നായിരുന്നു ശരിയായ പേര്. എന്നാല്‍ മൂന്ന് തലകള്‍ ഉള്ളതുകൊണ്ട് ത്രിശിരസ്സ് എന്ന പേരിലാണ് അയാള്‍ ഏറെ അറിയപ്പെട്ടിരുന്നത്.

ത്രിശിരസ്സിന്റെ ജനന പശ്ചാത്തലം പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. പ്രജാപതിമാരിലൊരാളായ സൃഷ്ടാവായിരുന്നു പിതാവ്. അദ്ദേഹം കഠിനതപസ്സ് ചെയ്ത ശേഷം രേചന എന്ന ഭാര്യയില്‍ ജനിപ്പിച്ച പുത്രനാണ് ത്രിശിരസ്സ്. തന്റെ ശത്രുവായ ദേവേന്ദ്രനെ വധിപ്പാന്‍ തന്റെ മകന് സാധിക്കുമെന്ന് ആ പിതാവ് വിശ്വസിച്ചു. അതിന്‍പ്രകാരം സൃഷ്ടാവ് ത്രിശിരസ്സിനെ സകലവിധ വിദ്യകളും അഭ്യസിപ്പിച്ചു.

മൂന്ന് തലകള്‍ ഉള്ളതിനാല്‍ ഒരേസമയം അയാള്‍ക്ക് മൂന്ന് കാര്യങ്ങള്‍ വീതം ചെയ്യാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്ന മൂന്ന് കാര്യങ്ങളിലൊന്ന് ഒരു തലകൊണ്ട് വേദമന്ത്രങ്ങള്‍ ഉരുവിടുകയും, ഈശ്വരനെ സ്തുതിക്കുകയും ആയിരുന്നു. പക്ഷേ, അതേസമയം രണ്ടാമത്തെ തലകൊണ്ട് മൂക്കറ്റം മദ്യം കുടിക്കുകയും ചെയ്യും. ഈ മദ്യപാന സമയം മറ്റാരെങ്കിലും കാണുന്നുണ്ടോ എന്ന് മൂന്നാം തലയിലെ കണ്ണുകള്‍കൊണ്ട് അയാള്‍ നിരീക്ഷിക്കുകയും ചെയ്യും.

ത്രിശിരസ്സിനെപ്പോലെ നമുക്കാര്‍ക്കും മൂന്ന് തലകളില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ മാതൃക സ്വീകരിച്ച് ഒരേസമയം പരസ്പര വിരുദ്ധങ്ങളായ പല പ്രവര്‍ ത്തികളും നാം ചെയ്യാറില്ലേ? സ്ഥിരമായി പള്ളികളിലും അമ്പലങ്ങളിലും മോസ്‌കുകളിലും എല്ലാം പോകുന്നവരാണ് നമ്മള്‍. എന്നാല്‍ സമൂഹത്തില്‍ അനീതിയും അക്രമവും ചെയ്യുന്നവരും നമ്മള്‍ത്തന്നെയല്ലേ? ഒരേ സമയം ദാനം ചെയ്യുന്നവര്‍, ആരും കാണാതെ പിടിച്ചുപറിക്കുന്നു. ഖദറിട്ട ജനസേവകരല്ലേ അഴിമതികള്‍ക്ക് കുടപിടിക്കുന്നത്? മാന്യരായി ചമഞ്ഞിട്ട് സമൂഹത്തെ ഇവര്‍ നശിപ്പിക്കുന്നു.

ഒരേസമയം ഈശ്വരപൂജയും നടത്തി, അതേസമയം കഠിന മദ്യപാനിയും ആയ ത്രിശിരസ്സിനെപ്പോലെയുള്ള ജീവിതം നയിക്കുന്ന ഈ ശൈലി അധികനാള്‍ അയാള്‍ തുടര്‍ന്നില്ല. ചെറുപ്രായത്തില്‍തന്നെ തന്റെ ജീവിതത്തെ മാറ്റുവാന്‍ അയാള്‍ തയ്യാറായി. മാത്രമല്ല, തന്റെ ജീവിതത്തിന്റെ ശിഷ്ടഭാഗം കഠിനമായ തപസ്സ് ചെയ്യുവാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.

ത്രിശിരസ്സിനെപ്പോലെ നമ്മുടെ ജീവിതം തപസ്സിനായി മാറ്റിവെക്കുവാന്‍ നമുക്ക് കഴിഞ്ഞെന്ന് വരില്ല. പക്ഷേ, പരസ്പരവിരുദ്ധങ്ങളായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ജീവിതശൈലി മാറ്റുവാന്‍ നമുക്ക് കഴിയും. വാക്കും പ്രവര്‍ത്തിയും തമ്മില്‍ തെറ്റാത്ത സംശുദ്ധമായ ജീവിതം ആയിരിക്കണം നമ്മുടേത്. നന്മ ചെയ്യുന്നതോടൊപ്പം തിന്മയുടെ അംശങ്ങള്‍ നമ്മില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

ത്രിശിരസ്സ് മൂക്കറ്റം കുടിച്ച് മദ്യലഹരിയില്‍ ആറാടിയപ്പോഴും അദ്ദേഹത്തിന് ആരംഭത്തില്‍ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല. അതിന് കാരണം മറ്റെ തല ഉപയോഗിച്ച് ഈശ്വരസ്തുതികള്‍ പാടുന്നുണ്ടല്ലോ എന്ന ചിന്ത ആയിരുന്നു അയാള്‍ക്ക്. ആയാളെ സംബന്ധിച്ചിടത്തോളം മദ്യപാനം മൂലം ഉണ്ടാകാനിടയുള്ള ദൈവകോപം ഉണ്ടാകാതിരിക്കാനുള്ള ഒരു ഇന്‍ഷ്വറന്‍സായിരുന്നു അയാളുടെ ഈശ്വരപൂജയും സ്തുതികളും.

ഇതുപോലെ നമ്മില്‍ ഒരേ സമയം ആത്മീകനെന്നും മറ്റുള്ളവരെ ധരിപ്പിക്കുന്ന ചേഷ്ടകളും ശൈലികളും നാം പഠിച്ചു കഴിഞ്ഞു. അതുപോലെ നമ്മിലെ മറ്റുപല ബലഹീനതകളും പാപങ്ങളെയും മറക്കുവാനുള്ള ഉപാധികളാണോ ഈ ഭക്തിയുടെ വേഷം എന്ന് ചിന്തിക്കണം. ത്രിശിരസ്സിന് പിണഞ്ഞ ഈ അബദ്ധം നമ്മില്‍ പലര്‍ക്കും ഒരുപക്ഷേ, ജീവിത ശൈലിതന്നെയും ആവാം. കുറ്റങ്ങള്‍ ചെയ്താലും സാരമില്ല എന്നുള്ള ആശ്വാസവും പല തെറ്റുകളും ആവര്‍ത്തിക്കുന്നതിന്റെ കാരണവും ഇതുപോലെയുള്ള ചിന്താഗതിയില്‍ തന്നെയാണ്.

യേശുനാഥന്റെ കാലത്തുണ്ടായിരുന്ന പരീശ പ്രമാണികള്‍ ദൈവത്തെ ആരാധിക്കുന്നതില്‍ മുന്‍പിലായിരുന്നു. പക്ഷെ, അതേസമയം പാവപ്പെട്ടവരെ കൊള്ളയടിക്കുന്നതിനും അവര്‍ പിന്നിലായിരുന്നില്ല. ഇത് ശക്തമായ വിമര്‍ശനങ്ങള്‍ യേശുവിലൂടെ ഏറ്റുവാങ്ങേണ്ടിവന്നു, ഈ വിഭാഗത്തിന്. ‘വെള്ളയടിച്ച ശവക്കല്ലറകള്‍’ എന്നുള്ള വിളിപോലും അവര്‍ക്ക് കേള്‍ക്കേണ്ടിവന്നു.

പരീശന്മാരുടെ ധാരണ ത്രിശിരസ്സിന്റെ ജീവിതശൈലി നല്ലതാണെന്നായിരുന്നു. അവരുടെ തീക്ഷ്ണമായ ആത്മീയശൈലി അവര്‍ അനുവര്‍ത്തിച്ച് പോന്നിരുന്ന പാപങ്ങളെ മറച്ചുവെക്കുമെന്ന് അവര്‍ കരുതി. പക്ഷേ, അവര്‍ക്ക് തെറ്റിപ്പോയി. ആയതിനാല്‍ അവര്‍ക്ക് കഠിനമായ രീതിയില്‍ ശാസന ഏറ്റുവാങ്ങേണ്ടിവന്നു.

നമ്മുടെ പ്രാര്‍ത്ഥനയും പള്ളിയില്‍ പോകലും ഉപവാസം എടുക്കുന്നതും സഹായം ചെയ്യുന്നതും ദൈവീകമായി ആത്മീക കാര്യങ്ങള്‍ക്ക് ചിലവിടുന്നതും എല്ലാം, നാം ദിനംപ്രതി ചെയ്തുവരുന്ന പാപങ്ങളെ ഒരിക്കലും ദൈവത്തിന്റെ മുന്‍പില്‍ മറച്ചുപിടിക്കുന്നില്ല എന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ടോ?

ദൈവത്തെ ആരാധിക്കുന്നതോടൊപ്പം വന്നുപോയിട്ടുള്ള തെറ്റുകളെക്കുറിച്ച് നാം മാപ്പപേക്ഷിക്കുകയും, ആത്മാര്‍ത്ഥമായി ഇനി ചെയ്യുകയോ, പറയുകയോ ഇല്ലെന്ന് ഉറപ്പു വരുത്തുകയും വേണം. എങ്കില്‍ മാത്രമേ ദൈവമുന്‍പാകെ നില്‍ക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ.

‘സ്വര്‍ഗ്ഗം തരിശായി കാണേണ്ടി വന്നാലും അവിടുന്ന് ഒരു പാപിയെപ്പോലും അവിടെ പ്രവേശിപ്പിക്കുകയില്ല.”

Advertisement

You might also like
Comments
Loading...
error: Content is protected !!