ഇറാഖില്‍ ക്രൈസ്തവ ദേവാലയം പൊളിക്കുന്നതിനെതിരെ അണിചേര്‍ന്ന് ഇസ്ലാം മതവിശ്വാസികളും

ബാഗ്ദാദ് : ഇറാഖിലെ കല്‍ദായ ദേവാലയം പൊളിക്കുന്നതിനെതിരെ ക്രൈസ്തവ വിശ്വാസികളോടൊപ്പം അണിചേര്‍ന്ന് ഇസ്ലാം മതവിശ്വാസികളും. ബാഗ്ദാദിലെ അതാമിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഡിവൈൻ വിസ്ഡം എന്ന ദേവാലയവും സമീപത്തുള്ള ഏതാനും കെട്ടിടങ്ങളുമാണ് നഗര പുനരുദ്ധാരണത്തിന് എന്ന പേരിൽ സർക്കാർ ഭരണകൂടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

2003-ലെ യു.എസ് ആക്രമണത്തിന് ശേഷം ഇറാഖ് രാജ്യത്തിന് വലിയ നാശം ഭവിച്ചിരുന്നു. എന്നാൽ വാണിജ്യ, രാഷ്ട്രീയ താൽപര്യമുള്ളവരാണ് ദേവാലയം തകര്‍ക്കുന്നതിന് പിന്നിലെന്നാണ് പ്രദേശത്തെ ജനങ്ങൾ പറയുന്നത്.

ക്രൈസ്തവ ദേവാലയം വിവിധ മത വിശ്വാസങ്ങൾ തമ്മിലുള്ള ഒത്തൊരുമയുടെ അടയാളമാണെന്നും ദേവാലയത്തിന്റെ പ്രാധാന്യം സർക്കാർ കണക്കിലെടുക്കുന്നില്ലെന്നും വിശ്വാസികള്‍ ആരോപിച്ചു. ബ്രിട്ടീഷ് വാസ്തു ശിൽപ്പിയായ ജയിംസ് മെള്ളിസൺ വിൽസണാണ് 1929- ൽ ഹോളി വിസ്ഡം ദേവാലയം പണികഴിപ്പിച്ചത്. സുന്നി മുസ്ലിം മതവിശ്വാസികളും, ഷിയാ മുസ്ലിം മതവിശ്വാസികളും അധിവസിക്കുന്ന പ്രദേശങ്ങളുടെ മധ്യ ഭാഗത്തായാണ് ദേവാലയം തലയുയർത്തി നിൽക്കുന്നത്. ദേവാലയം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുവാനാണ് ക്രൈസ്തവരുടെയും ഇസ്ലാം മതസ്ഥരുടെയും തീരുമാനം.

 

Comments (0)
Add Comment