നൈജീരിയയിൽ ക്രൈസ്തവ വംശഹത്യയ്ക്കു നേതൃത്വം നൽകിയ ഭീകരൻ കൊല്ലപ്പെട്ടതായി വാർത്ത

അബൂജ: നൈജീരിയായിലെ ക്രൈസ്തവ സമൂഹത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന്റെ നേതാവ് അബൂബക്കര്‍ ഷെകാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന് കൈമാറിയ ശബ്ദ സന്ദേശത്തിലാണ് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് അവകാശവാദം ഉന്നയിച്ചത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അബൂബക്കര്‍ കൊല്ലപ്പെടുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇയാൾ ജീവനൊടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഗവേഷകരായ ജേക്കബ് സെന്നയും സക്കറിയാസ് പിയറും തയാറാക്കിയ റിപ്പോര്‍ട്ടില്‍ 2010ന് ശേഷം ജിഹാദ് നിർബന്ധമാണെന്ന് ഷെകാവ് വിശ്വസിച്ചിരിന്നുവെന്നും ക്രിസ്ത്യാനികളെയും സർക്കാരിനെയും മുസ്ലിം വിരുദ്ധ പ്രഭാഷകരെയും തങ്ങളുടെ ശത്രുക്കളുടെ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരിന്നുവെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ തങ്ങളുടെ നേതാവിന്റെ മരണത്തെക്കുറിച്ച് ബൊക്കോഹറാം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ പിടികിട്ടാപുള്ളികളായ ആളുകളില്‍ ഒരാളായിരുന്നു അബൂബക്കര്‍ ഷെകാവ്. അമേരിക്കന്‍ ഭരണകൂടം അദ്ദേഹത്തിന്റെ തലക്ക് ഏഴ് മില്യണ്‍ ഡോളര്‍ വില ഇട്ടിരുന്നു. നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയുടെ നല്ലൊരു ഭാഗത്തിന് പിന്നിലും അബൂബക്കര്‍ ഷെകാവ് നേതൃത്വം നല്‍കുന്ന ബൊക്കോഹറാമിന്റെ വിവിധ പ്രാദേശിക ഘടകങ്ങളായിരിന്നു. നൈജീരിയയിൽ 18 വർഷത്തിനിടെ നടന്ന അക്രമ ആക്രമണങ്ങളിൽ 50,000 മുതൽ 70,000 വരെ ക്രിസ്ത്യാനികൾ മരണമടഞ്ഞതായി യുഎസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ബൊക്കോഹറാം തീവ്രവാദികളോ ആയുധസംഘങ്ങളോ ആണെന്ന പരാമര്‍ശവുമുണ്ടായിരിന്നു. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ 2021-ലെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് നൈജീരിയ.

Comments (0)
Add Comment