വികസ്വര രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് ക്രൊയേഷ്യൻ സ്കോളർഷിപ്പ്

സഗ്രെബ്: വികസ്വര രാജ്യങ്ങളിലെ മതപീഡനം നേരിടുന്ന ക്രൈസ്തവ വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യ. ക്രൊയേഷ്യയുടെ വിദ്യാഭ്യാസവകുപ്പും, വിദേശകാര്യ വകുപ്പും സംയുക്തമായി ചേര്‍ന്നാണ് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചത്. മെയ് 17 വരെയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനായുള്ള കാലാവധി. മരിജാന പെറ്റിർ എന്നൊരു സ്വതന്ത്ര അംഗം മുന്നോട്ടുവെച്ച ബഡ്ജറ്റ് ഭേദഗതിയാണ് ഇത്തരത്തില്‍ ഒരു സ്കോളർഷിപ്പ് രൂപീകരിക്കാൻ കാരണമായത്. സർക്കാരും മരിജാനയുടെ നിർദേശത്തെ പിന്തുണച്ചു. 2,37,000 ഡോളറിന്റെ സഹായം ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ പീഡനം ഏൽക്കുന്നവർക്ക് സ്കോളർഷിപ്പ് നൽകാൻ ഉദ്ദേശിച്ചുള്ളതാണെന്നും, അവർക്ക് ക്രൊയേഷ്യയിൽ വിദ്യാഭ്യാസം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും, അതിനുളള അവസരം ലഭിക്കുന്നവർ തിരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിച്ചെന്ന് അവിടെ ഒരു ജനാധിപത്യ സമൂഹത്തിനു വേണ്ടി അടിത്തറ പാകണമെന്നും മരിജാന പെറ്റിർ പറഞ്ഞു.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി ലോകമെമ്പാടും മതപീഡനം ഏൽക്കുന്നവരെ സഹായിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് വിദ്യാഭ്യാസ വകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി ഇറക്കിയ സ്കോളർഷിപ്പ് അപേക്ഷയുടെ പ്രഖ്യാപനത്തിൽ പറയുന്നു. വിശ്വാസത്തിൻറെ പേരിൽ ലോകത്തിലേറ്റവും പീഡനം ഏൽക്കുന്ന സമൂഹം എന്ന നിലയിലാണ് ക്രൈസ്തവർക്ക് രാജ്യം സഹായം നൽകുന്നതെന്നും മരിജാന വ്യക്തമാക്കി. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ കണക്കനുസരിച്ച് 300 ദശലക്ഷം ക്രൈസ്തവർ ലോകമെമ്പാടും പീഡനം ഏൽക്കുന്നുണ്ട്. മനുഷ്യാവകാശലംഘനം നടക്കുന്ന രാജ്യങ്ങളിലാണ് ലോകത്തിലെ ഏഴിൽ ഒന്ന് ക്രൈസ്തവ വിശ്വാസികൾ ജീവിക്കുന്നത്. 1991-ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷം ആദ്യമായാണ് രാജ്യം ഇത്തരത്തില്‍ ഒരു ഉദ്യമത്തിനു വേണ്ടി പണം നീക്കിവെയ്ക്കുന്നത്. 40 ലക്ഷം ജനസംഖ്യയുള്ള ക്രൊയേഷ്യയിലെ 86 ശതമാനം ആളുകളും കത്തോലിക്ക വിശ്വാസികളാണ്.

Comments (0)
Add Comment