ഈസ്റ്റര്‍ സ്ഫോടന പരമ്പര: ശ്രീലങ്കൻ പാര്‍ലമെന്റ് അംഗം അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തില്‍ 269 നിരപരാധികളുടെ ജീവനെടുത്ത സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ദീൻ, സഹോദരന്‍ റിയാജ് ബദിയുദ്ദീന്‍ എന്നിവരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഓള്‍ സിലോണ്‍ മക്കള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് റിഷാദ് ബദിയുദ്ദീന്‍. സ്‌ഫോടനം നടത്തിയ ചാവേറുകളുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയതായി പോലീസ് വക്താവ് അജിത്ത് രൊഹാന അറിയിച്ചു. തീവ്രവാദവിരുദ്ധ നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയ്ക്കു മുൻപ് കൊളംബോയിലെ ഇവരുടെ വസതികളില്‍ റെയ്ഡ് നടത്തിയാണ് അറസ്റ്റ് ചെയ്തത്.

2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 269 നിരപരാധികളും എട്ടു ചാവേറുകളുമാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിലുള്ള മെല്ലപ്പോക്ക് നയത്തിനെതിരെ രാജ്യത്തെ ക്രൈസ്തവര്‍ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരിന്നു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരിന്നു. സ്‌ഫോടനം നടത്തിയവരുമായി ഇവര്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവും സാഹചര്യത്തെളിവും ലഭിച്ചതായി പോലീസ് വക്താവ് പറഞ്ഞു. ആക്രമണം നടത്തിയത് തങ്ങളുടെ പോരാളികളാണെന്ന് ഇസ്ലാമിക് സ്‌റ്റേറ്റും അവകാശപ്പെട്ടിരുന്നു.

Comments (0)
Add Comment