ഓസ്‌ട്രേലിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരങ്ങളെ ഒഴിപ്പിച്ചു

മെൽബൺ: ഓസ്‌ട്രേലിയയുടെ കിഴക്കൻതീരത്ത് 50 വർഷത്തിനിടെയുണ്ടായ കനത്ത മഴയിൽ ഏറ്റവും വലിയ വെള്ളപ്പൊക്കം. നൂറുകണക്കിന് വീടുകൾക്ക് കേടുപാടുണ്ടായി. കനത്ത മഴ തുടരുന്നതിനാൽ 18,000 ഓളം ഓസ്‌ട്രേലിയക്കാരെ ന്യൂ സൗത്ത് വെയിൽസിൽ (എൻ‌എസ്‌ഡബ്ല്യു) ഒഴിപ്പിച്ചു. കനത്ത പേമാരിയിൽ, പ്രവിശ്യാ തലസ്ഥാന നഗരിയായ സിഡ്‌നി, തെക്ക്-കിഴക്കൻ ക്വീൻസ്‌ലാന്റ് എന്നിവിടങ്ങളിൽ നദികളും അണക്കെട്ടുകളും കവിഞ്ഞൊഴുകുകയാണ്. പ്രതീക്ഷിച്ചതിലും എത്രയോ അധികം ശക്തിയിൽ മഴപെയ്തതാണ് മോശമായ അവസ്ഥയ്ക്കുകാരണമായതെന്ന് ന്യൂ സൗത്ത് വെയ്ൽസ് മുഖ്യമന്ത്രി ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു.

സ്ഥിതി തുടർന്നാൽ കൂടുതൽ പേരെ ഒഴിപ്പിക്കേണ്ടിവരുമെന്ന് ബെറെജിക്ലിയൻ കൂട്ടിച്ചേർത്തു. അപകടമൊഴിവാക്കാൻ സംസ്ഥാനത്തുടനീളമുള്ള പ്രധാന റോഡുകൾ അടച്ചിട്ടുണ്ട്. കനത്ത മഴ കോവിഡ് പ്രതിരോധവാക്സിൻ വിതരണത്തെയും ബാധിച്ചിട്ടുണ്ട്. അടുത്ത ആഴ്ചകളിലായി 60 ലക്ഷം പേർക്ക് വാക്സിന്റെ ആദ്യഡോസ് നൽകണമെന്ന ലക്ഷ്യവും ഇതോടെ തടസ്സപ്പെട്ടതായി അധികൃതർ പറഞ്ഞു. കാലാവസ്ഥയിൽ വരുംദിവസങ്ങളിൽ സംഭവിക്കാവുന്ന മാറ്റങ്ങളിൽ ജാഗ്രതവേണമെന്ന് ആക്ടിങ് ചീഫ് മെഡിക്കൽ ഓഫീസർ മൈക്കൽ കിഡ് പറഞ്ഞു. പലായനം ചെയ്യാൻ നിർബന്ധിതരായവർക്ക് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഫണ്ട് വാഗ്ദാനം ചെയ്തു.

Comments (0)
Add Comment