പുരാതന ക്രിസ്ത്യന്‍ ദേവാലയം വില്‍ക്കാനൊരുങ്ങുന്ന തുര്‍ക്കി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

അങ്കാറ: ഹാഗിയ സോഫിയയും, കോറയിലെ ഹോളി സേവ്യര്‍ ദേവാലയവും മുസ്ലീം പള്ളിയാക്കി മാറ്റിയതിനു പിന്നാലെ യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം തുര്‍ക്കി അധികാരികള്‍ വില്‍പ്പനയ്ക്കുവെച്ചതോടെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ പ്രതിഷേധവുമായി രംഗത്ത്. 63 ലക്ഷം ടര്‍ക്കിഷ് ‘ലിറ’ക്കാണ് (8 ലക്ഷം ഡോളര്‍) മര്‍മരാ കടലിന്റെ തെക്ക് ഭാഗത്തുള്ള മിസ മലനിരകളിലെ ബുര്‍സായിലെ അര്‍മേനിയന്‍ ദേവാലയം വില്‍പ്പനക്കുവെച്ചിരിക്കുന്നത്.

കടുത്ത ഇസ്ലാമിക വാദിയായ തുര്‍ക്കി പ്രസിഡന്റ് മുഹമ്മദ്‌ തയിപ് എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളോടുള്ള അനാദരവിന്റെ അവസാന ഇരയാണ് ബുര്‍സായിലെ ഈ അര്‍മേനിയന്‍ ദേവാലയം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റുവാനും, യാഥാസ്ഥിതിക മുസ്ലീം നേതാക്കളെ പ്രീണിപ്പിച്ച് അധികാരത്തില്‍ തുടരുന്നതിനുള്ള എര്‍ദോര്‍ഗന്റെ കുടില തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടികളെ പൊതുവേ നിരീക്ഷിക്കുന്നത്.

“സാംസ്കാരിക കേന്ദ്രമോ, മ്യൂസിയമോ, ഹോട്ടലോ ആക്കി മാറ്റാവുന്ന ബുര്‍സാ മേഖലയില്‍ ജീവിച്ചിരുന്ന അര്‍മേനിയന്‍ ജനത പണിത ചരിത്രപ്രാധാന്യമുള്ള ദേവാലയം. ജനസംഖ്യാപരമായ മാറ്റങ്ങളെ തുടര്‍ന്നുണ്ടായ വില്‍പ്പനയില്‍ സ്വകാര്യ സ്വത്താവുകയും, നെയ്ത്ത് ശാലയുമായി ഉപയോഗിച്ച് വരുന്ന ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ബുര്‍സായില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്” എന്നാണ് പരസ്യത്തില്‍ പറയുന്നത്. കച്ചവട രഹസ്യത്തിന്റെ ഭാഗമായി ദേവാലയത്തിന്റെ കൃത്യമായ സ്ഥലം പുറത്തുവിട്ടിട്ടില്ലെങ്കിലും വില്‍പ്പനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന പരസ്യത്തില്‍ ദേവാലയത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ദൃശ്യമാണ്. പുരാതന ദേവാലയം വിനോദകേന്ദ്രമാക്കി മാറ്റുവാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ അര്‍മേനിയന്‍ ക്രൈസ്തവ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.

Comments (0)
Add Comment