ചൈനയിൽ കോവിഡ്-19 പുനർ വ്യാപനത്തിന് ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തി സാമൂഹ്യമാധ്യമ പോസ്റ്റ്

ബെയ്ജിംഗ്: ചൈനയിലെ ഹെബി പ്രവിശ്യയിൽ കോവിഡ്-19 അണുബാധ പുനർ വ്യാപനത്തിന് കാരണം പ്രാദേശിക ക്രിസ്ത്യാനികളും വിദേശ മിഷനറിമാരും ആണെന്ന് തെറ്റായി കുറ്റപ്പെടുത്തുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.

ക്രിസ്ത്യാനികളാണ് പുതിയ വ്യാപനത്തിന് കാരണമായതെന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് ഇങ്ങനെ: “ഗാവോചെങ്ങിനടുത്തുള്ള സിയാവോ ഗുവോവാങ് ഗ്രാമം ഒരു ക്രിസ്ത്യൻ ഗ്രാമമാണ്; 20 ദിവസം മുമ്പ് ഇവിടെ മതപരമായ പ്രവർത്തനങ്ങൾ നടന്നിരുന്നു, യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും നിരവധി പുരോഹിതന്മാർ ഉണ്ടായിരുന്നു…” എന്നു തുടരുന്നു.

കുറ്റാരോപിതരായ ഗ്രാമങ്ങൾ ക്രിസ്ത്യൻ ഗ്രാമങ്ങളല്ലെന്നും ക്രിസ്മസ് മുതൽ പള്ളി ബോഡിയുടെ മതപരമായ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ടെന്നും ഷിജിയാവുവാങ്ങിലെ പ്രാദേശിക പുരോഹിതൻ ഷാൻറെൻ ഷെൻഫു പറഞ്ഞു. “സിയാവോ ഗുവോവാങ്, ലിയു ജിയാസുവോ, നാൻ ക്വാവോയ് എന്നീ ഗ്രാമങ്ങൾ ക്രിസ്ത്യൻ ഗ്രാമങ്ങളല്ല, അവിടങ്ങളിൽ കുറച്ച് ക്രിസ്ത്യൻ വിശ്വാസികൾ മാത്രമേ താമസിക്കുന്നുള്ളൂ,” അദ്ദേഹം പറഞ്ഞു. “ഈ ഗ്രാമങ്ങളിൽ ഒരു ക്രിസ്ത്യൻ പ്രാർത്ഥനാലയം പോലും ഇല്ല; അവർ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്നില്ല. സാധാരണ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ, വിശ്വസ്തരെല്ലാം അടുത്തുള്ള ഗ്രാമമായ ബീ ക്വിയാസായിയിലേക്കാണ് പോകുന്നത്…”

ചൈനീസ് അധികൃതർ ലോകാരോഗ്യ സംഘടനയുടെ ഒരു വിദഗ്ധ സംഘത്തെ രാജ്യത്തേക്ക് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അനുവദിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംയുക്ത ഗവേഷണ സഹകരണ സംഘം ചൈനീസ് ശാസ്ത്രജ്ഞരുമായി കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ചൈനീസ് ആരോഗ്യ അതോറിറ്റി അറിയിച്ചു.

Comments (0)
Add Comment