ലോകത്തെ മികച്ച ജീവശാസ്ത്രജ്ഞരിൽ ഇന്ത്യൻ ജെസ്യൂട്ട് വൈദികനും

പാളയംകോട്ടൈ: ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയിലെ ആദ്യസ്ഥാനങ്ങളിലൊന്നില്‍ തമിഴ്‌നാട്ടിലെ പാളയംകോട്ടയിലുള്ള നിന്നുള്ള ജസ്യൂട്ട് വൈദികനും. കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല, ചെന്നൈയിലെ മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലെ മുന്‍ വൈസ് ചാന്‍സലറും സെന്റ് സേവ്യേഴ്‌സ് കോളജ് ഡയറക്ടറുമായ ഡോ. ശവരിമുത്തു ഇഗ്‌നാസിമുത്തുവിനാണ് ശ്രദ്ധേയമായ ബഹുമതി.

ജീവശാസ്ത്രഗവേഷണ മേഖലയില്‍ ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞര്‍ തയാറാക്കിയ പ്രബന്ധങ്ങള്‍ പരിശോധിച്ചശേഷമാണു യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രഫസറന്മാർ, ജെസ്യൂട്ട് വൈദികനായ ഫാ. ഇഗ്‌നാസിമുത്തുവിന്റെ ഗവേഷണമികവിനെക്കുറിച്ച് എടുത്തുപറയുന്നത്. ജീവശാസ്ത്രമേഖലയില്‍ 1985 മുതല്‍ 2019 വരെ ഫാ. ഇഗ്‌നാസിമുത്തു നല്‍കിയ സംഭാവനകളാണു പരിശോധനയ്ക്കു വിധേയമാക്കിയത്. ഫാ. ശവരിമുത്തുവിനോടുള്ള ബഹുമാനാര്‍ഥം ഒരു പ്രാണിയ്ക്ക് ‘ജാക്‌ത്രിപ്‌സ് ഇഗ്നാസിമുത്തു’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു സ്വഭാവിക മോളിക്യൂളിനു ഇഗ്നാസ്യോമൈസിന്‍ എന്ന പേരു ശാസ്ത്രലോകം നല്‍കിയതും ഗവേഷണമേഖലയിലെ ഇദ്ദേഹത്തിന്റെ മികവിനുള്ള അംഗീകാരമാണ്.

കഴിഞ്ഞ 20 വര്‍ഷങ്ങളിലെ പട്ടികയില്‍ ആയിരത്തിനു താഴെയായിരുന്നു ഫാ. ശവരിമുത്തുവിന്റെ സ്ഥാനം. ഇതിനകം എണ്ണൂറിലധികം പ്രബന്ധങ്ങളും 80 പുസ്തകങ്ങളും എഴുപത്തൊന്നുകാരനായ ഫാ. ശവരി മുത്തുവിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും സ്വന്തമായുള്ള ഈ ജസ്യൂട്ട് വൈദികന്‍ നൂറിലധികം വിദ്യാര്‍ഥികള്‍ക്കു ഡോക്ടറല്‍ ഗവേഷണത്തിനു ഗൈഡായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ശാസ്ത്രജ്ഞരിൽ പത്താം സ്ഥാനമാണ് അദ്ദേഹത്തിനു നൽകിയിരിക്കുന്നത്.

Comments (0)
Add Comment