പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നിർബ്ബന്ധിത വിവാഹം നടത്തിയ മതപുരോഹിതന് അറസ്റ്റ് വാറണ്ട്

ലാഹോർ: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടി ആർസൂ രാജയെ നിർബ്ബന്ധിച്ച് വിവാഹം കഴിപ്പിക്കുവാനും ഇസ്ലാം മതം സ്വീകരിക്കുവാനും സഹായങ്ങൾ ചെയ്തു നൽകിയ ഒരു പുരോഹിതന് പാകിസ്ഥാൻ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

പെൺകുട്ടി സമർപ്പിച്ച കേസിൽ ഒക്ടോബർ 16 ന് പരാതി കേട്ട കോടതി, ഖാസി മുഫ്തി അഹമ്മദ് ജാൻ റഹീമി എന്ന ഈ പുരോഹിതൻ പ്രായപൂർത്തിയാകാത്ത വേറൊരു പെൺകുട്ടിയുടെ മതപരിവർത്തനം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കേസിലും ആരോപണം നേരിട്ടു കൊണ്ടിരിക്കുന്നയാളാണെന്നും നിലവിൽ അയാൾ ഒളിവിലാണെന്നും നിരീക്ഷിച്ചു.

തന്നെ നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്നും മുഹമ്മദ് ഇമ്രാൻ എന്നയാളുമായി വിവാഹം കഴിപ്പിച്ചുവെന്നും ആരോപിച്ച് ക്രിസ്ത്യൻ പെൺകുട്ടി നൽകിയ ഹർജിയെ തുടർന്നാണ് കറാച്ചിയിലെ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പുരോഹിതൻ, തന്നെ വിവാഹം ചെയ്ത ആൾ, അയാളുടെ നാല് ബന്ധുക്കൾ എന്നിവരുടെ പേര് പെൺകുട്ടി പ്രത്യേകാൽ പരാമർശിച്ചിട്ടുണ്ട്. കേസിൽ റഹീമിക്കും മറ്റ് നാല് പ്രതികൾക്കുമെതിരെ കഴിഞ്ഞ മാസം കോടതി സാധാരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പ്രതിയായ പുരോഹിതനെ നവംബർ 16 ന് കോടതിയിൽ ഹാജരാക്കാൻ ജഡ്ജി പോലീസിന് നിർദേശം നൽകി. ഇമ്രാനുമായി നിർബന്ധിച്ച് വിവാഹിതയായപ്പോൾ തനിക്ക് 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന പെൺകുട്ടിയുടെ വാദത്തിന് സാക്ഷികളുടെയും രേഖകളുടെയും പ്രസ്താവനകൾ പിന്തുണയ്ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. താൻ സ്വയമേവ ഇസ്ലാം മതം സ്വീകരിച്ചു എന്ന കാര്യവും അവൾ നിഷേധിച്ചു.

2013-ൽ സിന്ധ് ബാലവിവാഹ നിയന്ത്രണ നിയമ പ്രകാരം 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയുടെയും വിവാഹം നിരോധിച്ചിട്ടുള്ളതാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ജീവന് ഭീഷണിയുള്ളതിനാൽ മാതാപിതാക്കളോടൊപ്പം പോകാൻ ആർസു വിസമ്മതിച്ചതിനെത്തുടർന്ന് സിന്ധ് ഹൈക്കോടതി അവളെ ഒരു അഭയകേന്ദ്രത്തിലേക്ക് അയച്ചു. കോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ 9-ാം തീയതിക്ക് മുമ്പ് ഒരു മെഡിക്കൽ പാനൽ കൂട്ടിയെ വൈദ്യപരിശോധന നടത്തി, 45 വയസ്സുകാരൻ അവളെ വിവാഹം കഴിക്കുമ്പോൾ കുട്ടിക്ക് 13 നും 14 നും ഇടയിൽ പ്രായമേ ഉണ്ടായിരുന്നുള്ളൂവെന്ന് സ്ഥിരീകരിച്ചിരുന്നു.

Comments (0)
Add Comment