ഐറിഷ് വൈദികൻ സ്ഥാപിച്ച സംഘടനയ്ക്ക് യു.എൻ. അംഗീകാരം

നെയ്റോബി: ആഫ്രിക്കയിൽ അങ്ങോളമിങ്ങോളം സമാധാനചർച്ച കൾക്ക് നേതൃത്വം നൽകുന്ന ശാലോം സെന്റർ ഫോർ കോൺഫ്ലിക്റ്റ് റസല്യൂഷൻ ആൻഡ് റീകൺസീലിയേഷൻ എന്ന സംഘടനയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. അന്താരാഷ്ട്ര സമ്പർക്കങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ വകുപ്പാണ് ഔദ്യോഗിക അംഗീകാരം നൽകിയത്. ഐറിഷ് മിഷണറിയായ ഫാ. പാട്രിക് ഡിവൈനാണ് 2009ൽ കെനിയ ആസ്ഥാനമായി ഈ സംഘടന ആരംഭിച്ചത്.

ശാലോം സെന്റർ പോലെയുള്ള നിരവധി പ്രസ്ഥാനങ്ങളുമായി ഐക്യരാഷ്ട്ര സഭയുടെ സമ്പർക്കവിഭാഗത്തിന് ബന്ധമുണ്ട്. അംഗീകാരം ലഭിച്ച സംഘടനകൾക്ക് ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് പ്രവേശിച്ച് കൂടിക്കാഴ്ചകളിലും മറ്റും പങ്കെടുക്കാൻ അനുമതിയുണ്ട്. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏകദേശം 1500 ഓളം സംഘടനകളുമായി ബന്ധപ്പെടാൻ ശാലോം സെന്ററിന് സാധിക്കും. ലോക രാജ്യങ്ങളിൽ സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അവരുടെ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉഗാണ്ടയിലും കെനിയയിലും സീഷെൽസിലുമുള്ള ഐക്യരാഷ്ട്ര സഭയുടെ ഇൻഫോർമേഷൻ സെന്ററുകൾ ശാലോം സെന്ററിന് അംഗീകാരം നൽകുന്നതിന് വേണ്ടി തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും തടയിടാൻ അക്ഷീണപരിശ്രമമാണ് സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്.

Comments (0)
Add Comment