ഹാഗിയ സോഫിയ വിവാദം; തുര്‍ക്കിയ്ക്കെതിരെ ലോക രാജ്യങ്ങള്‍

ഹാഗിയ സോഫിയ വിവാദം; തുര്‍ക്കിയ്ക്കെതിരെ ലോക രാജ്യങ്ങള്‍

ഇസ്താംബുൾ : ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ പുരാതന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ ഹാഗിയ സോഫിയ പള്ളി മുസ്ലീം പള്ളിയാക്കി മാറ്റാൻ ഒരുങ്ങുന്ന തുര്‍ക്കി രാജ്യത്തിന്റെ നടപടിയ്ക്കെതിരെ ആഗോളതലത്തില്‍ കൂടുതൽ രാഷ്ട്രങ്ങളുടെ പ്രതിഷേധം കടുപ്പിക്കുന്നു. ചരിത്രം പഠിക്കുമ്പോൾ വ്യക്തമാകുന്നത് ഏകദേശം 1500ന് മുകളിൽ വർഷം പഴക്കം ഈ ദൈവാലയത്തിനുണ്ട് എന്നാണ്. ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി എന്ന തുര്‍ക്കിയിലെ കോടതി വിധി പുറത്തു വന്ന് മണിക്കൂറിനുള്ളില്‍ തന്നെ പ്രസിഡന്റ് തയിബ് എര്‍ദോര്‍ഗന്‍ ഇസ്താംബൂളിന്റെ പ്രതീകമായ ഈ ചരിത്രസ്മാരകം മുസ്ലീങ്ങള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കുമെന്ന്‍ പ്രഖ്യാപിച്ചിരിന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക, റഷ്യ, സൈപ്രസ്, ഗ്രീസ് തുടങ്ങിയ ലോക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും യുനെസ്കോയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തുര്‍ക്കിയുടെ നടപടിയെ ‘ വലിയ തെറ്റ്’ എന്ന ഒറ്റവാക്കിലാണ് റഷ്യന്‍ സഭയിലെ ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി പ്രസ്താവിച്ചത്. തുര്‍ക്കി ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും തീരുമാനം ഖേദകരമാണെന്നും യുനെസ്കോ പ്രതികരിച്ചു. സംഘടനയുടെ ലോക പൈതൃക കമ്മിറ്റി ഹാഗിയ സോഫിയയുടെ പദവി സംബന്ധിച്ച അവലോകനം നടത്തുമെന്നും യുനെസ്കോ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ ചരിത്രസ്മാരകം മതകാര്യ വകുപ്പിന്റെ കീഴിലാക്കിയ എര്‍ദോര്‍ഗന്റെ നടപടി ഖേദകരമായെന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശനയകാര്യ തലവന്‍ ജോസഫ് ബോരെല്‍ പറഞ്ഞു. തുര്‍ക്കിയുടെ നടപടിയെ ശക്തമായി അപലപിച്ച സൈപ്രസിലെ വിദേശകാര്യ മന്ത്രി നിക്കോസ് ക്രിസ്റ്റോഡൌലീഡസ് അന്താരാഷ്‌ട്ര ഇടപെടലുകളെ മാനിക്കുവാന്‍ തുര്‍ക്കി തയാറാകണമെന്നു ട്വീറ്റ് ചെയ്തു. ഹാഗിയ സോഫിയയുടെ പദവി മാറ്റുവാനുള്ള തുര്‍ക്കി ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ നിരാശരാണെന്നു അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വക്താവായ മോര്‍ഗന്‍ ഒര്‍ട്ടാഗസ് പ്രസ്താവിച്ചു.

Comments (0)
Add Comment