കൊറോണ; ഒരു കോടിക്ക് മുകളിൽ രോഗ ബാധിതര്‍; അഞ്ച് ലക്ഷം മരണം; പിടിതരാതെ മഹാമാരി

വാഷിങ്ടൺ: ചൈനയിലെ വുഹാൻ മത്സ്യ-മാംസ ചന്തയിൽ നിന്ന് പകർന്ന് ആഗോള വ്യാപകമായി പടർന്ന കൊറോണ എന്ന മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു, അതിനോടൊപ്പം അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവൻ ഇതിനോടകം കവരുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട് 184 ദിവസം പിന്നിടുമ്പോഴാണ് അത് ബാധിച്ചവർ ഒരു കോടി കടന്നിരിക്കുന്നതും അഞ്ച് ലക്ഷം പേർ മരിക്കുകയും ചെയ്തിട്ടുള്ളത്. ഇത്രയായിട്ടും വൈറസിന്റെ വ്യാപനം വർധിക്കുകയല്ലാതെ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 25 ലക്ഷത്തിലധികം പേർക്ക് അമേരിക്കയിൽ രോഗം ബാധിച്ചിട്ടുണ്ട്. 1.28 ലക്ഷം പേർ ഇതിനോടകം മരിച്ചു. തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 13.15 ലക്ഷം പേർക്ക് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57,103 പേർ മരിച്ചു.നിലവിൽ,
രോഗികളുടെ എണ്ണത്തിൽ മൂന്നാമത് റഷ്യയും തൊട്ടുപിന്നിൽ ഇന്ത്യയുമാണ്. റഷ്യയിൽ 6.27 ലക്ഷം പേരിൽ വൈറസ് എത്തിയിട്ടുണ്ട് ഇതുവരെ. ഇന്ത്യയിൽ 5.2 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം ദിനംപ്രതിയുള്ള രോഗികളുടെ വർധനവിലും മരണത്തിലും റഷ്യയേക്കാൾ മുന്നിലാണ് ഇന്ത്യ എന്നത് ആശങ്ക പരത്തുന്നുണ്ട്. ഒമ്പതിനായിരത്തോളം പേരാണ് റഷ്യയിൽ രോഗം പിടിപെട്ട് മരിച്ചത്. ഇന്ത്യയിൽ കോവിഡ് മരണങ്ങൾ ഇതിനോടകം 15,000 കടന്നു.

അതെ സമയം, മുംബൈയിൽ കൊവിഡ് ബാധിതരായ കുട്ടികളിൽ കവാസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങളും പ്രകടമാകുന്നതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ.മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവാസാക്കി രോഗ ലക്ഷണങ്ങളുമായി 14 വയസുകാരനെ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. രാത്രിയോടെ കുട്ടിയുടെ നില ഗുരുതരമായി. ചൈന, അമേരിക്ക, സ്‌പെയ്ൻ, ഇറ്റലി പോലുള്ള രാജ്യങ്ങളിലും കൊവിഡ് ബാധിതരായ കുഞ്ഞുങ്ങളിൽ കാവാസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടമായതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ ഇന്ത്യയിലും സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ മുതൽ തന്നെ ഈ രാജ്യങ്ങളിൽ കവാസാക്കി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടുത്ത പനിയാണ് രോഗലക്ഷണം. കൊറോണ ആർട്ടറിയെ തകരാറിലാക്കാൻ കാവാസാക്കി രോഗത്തിന് കഴിയും.

Comments (0)
Add Comment