വചനധ്യാന പരമ്പര | “നെഹെമ്യാവ്‌ അപകട മേഖലയിൽ”

നെഹമ്യാവ് 6:11: “അതിന്നു ഞാൻ (നെഹെമ്യാവ്‌): എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു”.

മതിലിന്റെ അറ്റകുറ്റപ്പണികൾ തീർന്നതറിഞ്ഞ ശത്രുക്കൾ ഒത്തുതീർപ്പിന്റെ വ്യാജേനയും (6:1-4), അപവാദപ്രചാരണത്തിലൂടെയും (6:5-9), ചതിയിലൂടെയും നെഹമ്യാവിനെ വകവരുത്തുവാൻ ശ്രമം നടത്തുന്നു (6:10-14) സ്വന്തം അണികൾ പോലും ശത്രുക്കളുമായി സഖ്യതയുണ്ടാക്കിയെങ്കിലും അമ്പത്തിരണ്ടു ദിവസങ്ങൾ കൊണ്ടു മതിൽപ്പണി തീർക്കുന്നു (6:15-19) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

വതിലുകൾ ഒഴികെയുള്ള മതിലിന്റെ പണികൾ എത്രയും അത്ഭുതകരമായി അമ്പത്തിരണ്ടു ദിവസങ്ങൾ കൊണ്ടു തീർത്തു. ആരംഭം മുതൽ തന്നെ ശത്രുതാ മനോഭാവത്തോടെ പ്രവർത്തിച്ചു വന്നവരായ സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും അവരുടെ കൂട്ടരുമെല്ലാം ഇനിയും ഒരാക്രമണത്തിന്റെ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞതോടെ നെഹമ്യാവിനെതിരായി പ്രതികാര നടപടികൾക്കുള്ള രൂപരേഖ തയ്യാറാക്കുവാൻ ആരംഭിച്ചു. അതിന്റെ ഭാഗമായി യെരുശലേമിന് സുമാർ മുപ്പതു കിലോമീറ്റർ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഓനോ സമഭൂമിയിലെ ഒരു ഗ്രാമത്തിൽ ക്രമീകരിക്കുന്ന യോഗത്തിൽ പങ്കെടുക്കുവാൻ നിർബന്ധിച്ചു നാലുപ്രാവശ്യം ആളുകളെ അയച്ചു. എന്നാൽ ഇത്രയും വലിയ ഒരു വേല വിട്ടു കളഞ്ഞിട്ടു യോഗത്തിനു കൂടുന്നതിലെ അപ്രായോഗികത ചൂണ്ടികാട്ടി നെഹമ്യാവ് അവരെ പറഞ്ഞയച്ചു കളഞ്ഞു. അഞ്ചാം പ്രാവശ്യം തുറന്ന ഒരു കത്തുമായി നെഹമ്യാവിന്റെ അടുക്കൽ അയയ്ക്കപ്പെട്ട ദൂതന്മാർ, നെഹമ്യാവ് അർത്ഥഹ്ശഷ്ടാ രാജാവിനെതിരായി തന്നെത്തന്നെ രാജാവായി പ്രഖ്യാപിച്ചു ഒരു മത്സരമുഖം തുറന്നു വച്ചിരിക്കുന്നു എന്നിത്യാദി ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതെല്ലാം ശത്രുക്കളുടെ സാങ്കൽപ്പിക കഥകൾ മാത്രമാണെന്നും കഴമ്പില്ലാത്ത ഇത്തരം കാര്യങ്ങൾക്ക് മുഖവിലപോലുമില്ലെന്ന നെഹമ്യാവിന്റെ നിലപാട് ചതിയുടെ മറ്റൊരു ശ്രമത്തിനാണ് വഴിതുറന്നത്. ശത്രുക്കൾ അയച്ച കൊലപതാകന്മാർ തന്നെ കൊല്ലുവാൻ വരുന്നുണ്ടെന്നും ആയതിനാൽ ദൈവാലയത്തിന്റെ അതിപരിശുദ്ധ സ്ഥലത്തു ഒളിച്ചു പാർക്കണമെന്നും ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വാക്കുകളിലെ ചതിയും നന്നായി തിരിച്ചറിഞ്ഞു നെഹമ്യാവ്. കൂലികൊടുത്തു പ്രവാചകന്മാരെ നിയമിച്ച ശത്രുക്കളുടെ നടപടികൾ എത്രയോ ജുഗുപ്സാവഹം എന്നല്ലാതെ എന്തു കുറിയ്ക്കാൻ! ഇതിനെയെല്ലാം അതിജീവിച്ചെങ്കിലും നെഹമ്യാവിന്റെ അണികളിൽ ചില യഹൂദാ പ്രഭുക്കന്മാർ ശത്രുക്കളുമായി സത്യബന്ധം ചെയ്തു അവരുമായി ചേർന്നു നടത്തിയ നീക്കങ്ങൾ അത്യന്തം അപലപനീയം തന്നെയായിരുന്നു. തോബിയാവിന്റെ ഭാര്യ യഹൂദാ കുലത്തിൽ നിന്നായിരുന്നതിനാൽ അവരുമായി ബന്ധപ്പെട്ട ഒരു നല്ലകൂട്ടം യഹൂദാ പ്രമാണികൾ നെഹമ്യാവിനെക്കാൾ സൻബല്ലത്തിനെ പിന്തുണയ്ക്കുന്നവർ ആയിരുന്നു. എങ്കിലും സാഹചര്യങ്ങളെ അതിശക്തമായി അതിജീവിക്കുവാൻ നെഹമ്യാവിനായി എന്നത് തികഞ്ഞ വസ്തുത തന്നെ!

പ്രിയരേ, നെഹമ്യാവ് എന്ന ശക്തനായ നേതാവിന്റെ പ്രാണനു ഭീഷണിയുയർന്ന വൃത്താന്തമാണ്‌ ഈ അദ്ധ്യായത്തിന്റെ കാതൽ പ്രമേയം. സ്വജനങ്ങൾ പോലും ശത്രുപക്ഷം ചേർന്നു നിൽക്കുന്ന സ്ഥിതിവിശേഷം ഉളവാക്കിയ മാനസിക സംഘർഷം ചെറുതൊന്നുമായിരിക്കുവാൻ സാധ്യതയുമില്ല. എങ്കിലും തുടങ്ങി വച്ച പണികളുടെ പൂർത്തീകരണം കാണുവോളം സ്ഥിരോത്സാഹത്തോടെയും കാര്യപ്രാപ്തിയോടെയും നിവരെ നിന്ന നെഹെമ്യാവിനെ വെല്ലുവിളി നേരിടുന്ന കർത്താവിന്റെ വേലക്കാർക്കു ഉത്തമമാതൃകയായി ചൂണ്ടികാണിക്കുവാനാണ് പ്രേരണ.

Comments (0)
Add Comment