പാ. ടി എസ് ഏബ്രഹാമിനെ കുറിച്ച് പിവൈസി

പാ ടി.എസ് ഏബ്രഹാമിന്റെ അവസാന നിമിഷങ്ങളിൽ ആ കുടുംബത്തിൽ കടന്നുചെന്ന് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് പിവൈസി പ്രവർത്തകരുടെ ജിവിതത്തിലെ അമൂല്യ സന്ദർഭമായി കരുതുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകർ അന്നും ഇന്നും അവിടെ വന്നു കൊണ്ടെയിരിക്കുന്നു. ഐ.പി.സി.യിലോ മറ്റ് പെന്തക്കോസ്ത് സഭകളിലോ മാത്രമല്ല മറിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളോട് വ്യക്തമായ ബന്ധം അദ്ദേഹം പുലർത്തിയിരുന്നു എന്നതിന്റെ കൃത്യമായ സൂചനയാണിത്. ബൈബിൾ സൊസൈറ്റി പോലെയുള്ള പ്രസ്ഥാനങ്ങളുടെ ഉന്നതമായ ചുമതലകളിൽ ദീർഘകാലം ശോഭിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഈ സമീപനം കൊണ്ടു തന്നെയാണ്.

പെന്തക്കോസ്ത് ചരിത്രത്തിന്റെ ആദ്യ പേജിൽ സുവർണ്ണ ലിപികളിലെഴുതിയ പേരുകളിലൊന്ന് പാ. കെ. ഇഏബ്രഹാമിന്റതായിരുന്നെങ്കിൽ ആ കാലഘട്ടത്തെ ഇന്നുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന കണ്ണിയായിരുന്നു പാ. ടി. എസ്. ഏബ്രഹാം. അതായത് ഇന്നിന്റെ പെന്തക്കോസ്ത് സമൂഹം അദ്ദേഹത്തോടൊപ്പമാണ് കഴിഞ്ഞ തൊണ്ണൂറ്റി മൂന്നു വർഷങ്ങൾ സഞ്ചരിച്ചു
കൊണ്ടിരുന്നത്. ഒരു കാലഘട്ടത്തിന്റെ അതിശക്തമായ ശബ്ദമായിരുന്നു അദ്ദേഹം.

പാ. ടി.എസ് ഏബ്രഹാമിന്റെ വിയോഗം ഐ.പി.സിക്കെന്നല്ല പെന്തക്കോസത് സമൂഹത്തിന് തന്നെ വേദനയുളവാക്കുന്നതാണ്.എങ്കിലും പ്രത്യാശ നിർഭരമായ ആ ജീവിതം ക്രിസ്തുവിൽ കേന്ദ്രകൃതമായിരുന്നതിനാൽ ശുഭ തുറമുഖത്ത് വീണ്ടും കാണാം എന്ന വസ്തുത നമുക്ക് ഏറെ സന്തോഷകരമത്രേ. ഈ സന്ദർഭത്തിൽ കേരളത്തിലെ വിവിധ പെന്തക്കോസ്ത് വിഭാഗങ്ങളിൽ പെടുന്ന അനേകം യുവജനങ്ങളുടെ ഐക്യവേദി എന്ന നിലയിൽ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും സർവ്വ ആശ്വാസങ്ങളുടെയും ഉറവിടമായ ദൈവം പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു

പെന്തക്കോസ്ത് യൂത്ത് കൗൺസിൽ സംസ്ഥാന സമിതി

Comments (0)
Add Comment