ചെറു ചിന്ത | പാപത്തെ അറിയാതെ മനുഷ്യന്‍ | ജോബി കരിമ്പന്‍ .

അതിശക്തനായ ഭാരതീയ മിഷനറി ആയിരുന്നു സാധു സുന്ദർസിംഗ്. അദ്ദേഹം ഒരിക്കൽ യാത്ര മദ്ധ്യേ ഒരു വനത്തിൽ അകപ്പെട്ടു. അവിടെ കാട്ടുതീ പടർന്നു ചെടികൾ എല്ലാം വെന്തുകിടക്കുന്ന കാഴ്ച കാണുവാൻ ഇടയായി. ആ കാഴ്ച്ചയിൽ തന്നെ അദ്‌ഭുതപെടുത്തിയ ഒരു കാഴ്ച കണ്ടു; ഒരു വലിയ പക്ഷി വെന്തു കിടക്കുന്നു. ഇത്രയും ശക്തനായ, വലിയ ചിറകുള്ള പക്ഷി എന്തു കൊണ്ട് പറന്നു രക്ഷപെട്ടില്ല എന്ന് അദ്ദേഹം സംശയിച്ചു. തന്റെ കയ്യിലിരുന്ന വടികൊണ്ട് താൻ ആ കിളിയുടെ ശരീരം മറിച്ചിട്ടു. അത്ഭുതമെന്നു പറയട്ടെ, ജീവനുള്ള രണ്ടു കിളി കുഞ്ഞുങ്ങൾ ഭഷണത്തിന് വേണ്ടി വാ പൊളിച്ചു കരയുന്നു.

പെട്ടന്ന് സാധു സുന്ദർസിംഗിന് അവിടെ നടന്ന കാര്യം വ്യക്തമായി; നിലത്തു കുഴിയിൽ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഇനത്തിൽപെട്ട ഒരു വലിയ പക്ഷിയായിരുന്നു അത്. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വന്നപ്പോൾ തള്ളപ്പക്ഷി ഭക്ഷണം അന്വേഷിച്ചു പുറത്തുപോയി. ചുണ്ടിൽ ഭക്ഷണവുമായി തിരികെ വന്നപ്പോൾ കാണുന്നത് ആളികത്തുന്ന കാട്ടുതീയാണ്. തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കുവാൻ മറ്റു മാർഗമില്ലാതെ വന്നപ്പോൾ പെട്ടന്ന് ആ തള്ളപ്പക്ഷി താഴേക്കു വന്നു കുഞ്ഞുങ്ങളുടെ മുകളിൽ ചിറകു വിരിച്ചു ചേർന്നിരുന്നു. കാട്ടുതീ പടർന്നുവന്നു തീയിൽ കത്തിയെരിഞ്ഞ പക്ഷി അതിന്റെ മുകളിൽ തന്നയിരുന്നു; അതിനടിയിലിരുന്ന കുഞ്ഞുങ്ങൾ സുരക്ഷിതരായി.

ഈ കാഴ്ച കണ്ട സാധു സുന്ദർസിംഗ് നിറക്കണ്ണുകളോടെ മുട്ടുകുത്തി പ്രാർത്ഥിച്ചു. ക്രിസ്തു യേശുവിൽകൂടി ലോകത്തിനുണ്ടായ രക്ഷയുടെ ദർശനം തന്റെ കണ്മുൻപിൽ താൻ കണ്ടു. ദൈവം സ്വർഗ്ഗത്തിൽ നിന്ന് നോക്കുമ്പോൾ മനുഷ്യ വർഗ്ഗം പാപത്തിന്റെ കൊടും തീയിൽ വെന്തെരിയുന്ന കാഴ്ചയാണ് കണ്ടത്; മനുഷ്യനെ രക്ഷിക്കേണ്ടത് ആവശ്യമായി വന്നതുകൊണ്ട് ആ പക്ഷിയെ പോലെ തന്നെ അവൻ ആകാശ വിതാനത്തിൽ കൈകൾ വിരിച്ചു യാഗമയിതീർന്നു. തള്ളപ്പക്ഷി കരിഞ്ഞുപോയത് അറിയാതെ കരഞ്ഞുകൊണ്ടിരിക്കുന്ന കിളിക്കുഞ്ഞങ്ങളെ പോലെ ക്രിസ്തു എനിക്കുവേണ്ടി മരിച്ചു എന്ന് മനസിലാകാതെ മനുഷ്യൻ ഇന്നും ജീവിക്കുന്നു.

Comments (0)
Add Comment