അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. പി. എസ്. ഫിലിപ്പ് നിത്യതയിൽ

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ഡോ. പി എസ് ഫിലിപ്പ് ഡിസംബർ 11 ശനിയാഴ്ച്ച വെളുപ്പിന് 1.30 ന് ഹൃദയഘാതത്തെ തുടർന്ന് കൊട്ടാരക്കര വിജയാ ഹോസ്പിറ്റിലിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

മലയാളി പെന്തകോസ്ത് സമൂഹത്തിനു പ്രീയങ്കരനായ ആത്‍മീയ നേതാവായി മാറുകയും, അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനെ പുരോഗതിയിലേക്ക് നയിക്കുകയും, നൂറുകണക്കിന് ശിഷ്യരെ വാർത്തെടുക്കുകയും ചെയ്താണ് അഞ്ചര പതിറ്റാണ്ട് നീണ്ട ആത്മീയ ശുശ്രൂഷകൾ അവസാനിപ്പിച്ച് ഫിലിപ്പ് സാർ മടങ്ങിയത്.

പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ തോന്ന്യാമലയിൽ പാലയ്ക്കത്തറ കുടുംബത്തിൽ ജനിച്ചു. ഇവാഞ്ചലിക്കൽ വിശ്വാസികൾ ആയിരുന്ന കുടുംബം പിന്നീട് പെന്തകോസ്ത് വിശ്വാസം സ്വീകരിച്ചു. തോന്നിയാമല അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആരംഭകാല കുടുംബമാണ് പാലക്കത്തറ കുടുംബം. സഭയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വി പി ശമുവേൽ – റാഹേലമ്മ ദമ്പതികളുടെ മകനാണ് ഡോ പി എസ് ഫിലിപ്. ഇന്ത്യയിലെ വിവിധ വേദപാഠശാലകളിലെ പഠനാനന്തരം 1968ൽ പുനലൂർ ബെഥെൽ ബൈബിൾ കോളേജിൽ അദ്ധ്യാപക ശുശ്രൂഷ ആരംഭിച്ചു.

42 വർഷങ്ങൾ നീണ്ട അദ്ധ്യാപന കാലത്തിനു 2010 ൽ വിശ്രമം നൽകി.1986 ൽ കോളേജിന്റെ അമരക്കാരനായി മാറിയ ഫിലിപ് സാർ ബെഥെലിനെ പ്രശസ്തിയുടെ പടവുകളിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. 2009ൽ വെസ്റ്റ്‌ മിനിസ്റ്റർ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റും നേടി. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ നേതൃത നിരയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ നിറ സാന്നിധ്യമായിരുന്ന പ്രിയ ഫിലിപ് സാർ വിവിധ ചുമതലകൾ വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

3500ൽ അധികം സഭകളുള്ള സൗത്ത് ഇന്ത്യാ അസംബ്ളീസ് ഓഫ് ഗോഡിന്റെ നേതൃനിരയിലും പാസ്റ്റർ പി എസ് ഫിലിപ്പ് ശോഭിച്ചു. സൂപ്രണ്ട് ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെടുന്ന മൂന്നാമനാണ് പാസ്റ്റർ ഡോ. പി എസ് ഫിലിപ്പ്.

പുനലൂർ നെടിയകാലയിൽ ശ്രീമതി ലീലാമ്മയാണ് സഹധർമ്മിണി. മക്കൾ : സാം ഫിലിപ്പ്, റെയ്ച്ചൽ, സൂസൻ സാമൂവൽ, ബ്ലെസി. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും, പ്രിയപെട്ടവരെയും പ്രാർത്ഥനയിൽ ഓർക്കുക.

Comments (0)
Add Comment