ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു; രണ്ടു കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ഭര്‍ത്താവിനും മറ്റു രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റു. തൃശൂര്‍ ചാലക്കുടി പോട്ട ചുള്ളിയാടാന്‍ വീട്ടില്‍ ബിബിന്റെ ഭാര്യ ലോട്‌സിയും ഇളയ കുഞ്ഞും ആണ് മരിച്ചത്. ഇന്നു രാവിലെ 7.20-നാണ് ഓസ്‌ട്രേലിയന്‍ മലയാളികളെയാകെ നടുക്കിയ അപകടമുണ്ടായത്.

ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചില്‍നിന്നും ക്വാന്‍സ് ലാന്‍ഡിലെ ബ്രിസ്ബനിലേക്കു താമസം മാറി പോകുന്ന വഴിയാണ് മില്ലര്‍മാന്‍ ഡൗണ്‍സില്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ലോട്‌സിയും കുഞ്ഞും തല്‍ക്ഷണം മരിച്ചു.

പരുക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഇവര്‍ ബ്രിസ്ബന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഉടന്‍ ശസ്ത്രക്രിയയ്ക്കു വിധേയരാക്കും. ബിപിന്‍ തൂവൂമ്പയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു വര്‍ഷം മുന്‍പാണ് കുടുംബം ഓസ്‌ട്രേലിയയില്‍ എത്തിയത്. ആദ്യം ഓറഞ്ചിലാണു ജോലി ചെയ്തത്. നഴ്‌സായി ജോലി ചെയ്തിരുന്ന ലോട്‌സി പുതിയ ജോലിക്കു പ്രവേശിക്കുന്നതിനായി ബ്രിസ്ബനിലേക്കു താമസം മാറുന്നതിനുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടമുണ്ടായത്.

വ്യാഴാഴ്ചയാണ് യാത്ര ചെയ്യാനിരുന്നെങ്കിലും ഓറഞ്ച് മേഖലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഇവര്‍ യാത്ര നേരത്തേയാക്കിയതാണ്. നാട്ടിലുള്ള ഇവരുടെ കുടുംബാംഗങ്ങളെ അപകടവിവരം അറിയിച്ചിട്ടുണ്ട്.

അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ക്വീന്‍സ് ലാന്‍ഡ്‌ പോലീസ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ഫയര്‍ എന്‍ജിനും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Comments (0)
Add Comment