ദുബായില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച മലയാളി വനിത മറിയാമ്മ വര്‍ക്കി അന്തരിച്ചു

റാന്നി: ദുബായിലെ രാജകുടുംബാംഗങ്ങള്‍ക്ക് ഇംഗ്‌ളീഷ് വിദ്യാഭ്യാസം നല്‍കിയ, യു.എ.ഇയിൽ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച മലയാളി വനിത മറിയാമ്മ വര്‍ക്കി (89) ഇനി ഓര്‍മ്മയില്‍. യു.എ.ഇയില്‍ വിദ്യാഭ്യാസ രംഗത്ത് മറക്കാനാവാത്ത നാമമായ കാച്ചാണത്ത് കെ.എസ്. വര്‍ക്കിയുടെ സഹധര്‍മിണിയും ദുബായ് ജെംസ് എഡ്യൂക്കേഷണല്‍ സ്ഥാപനത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി മാർച്ച് 31-നാണ് ദുബായില്‍ മരണമടഞ്ഞത്. സംസ്‌കാരം ദുബായിയില്‍ നടത്തും. ഭർത്താവ് കെ.എസ്. വര്‍ക്കിയോടൊപ്പം മാഡം വര്‍ക്കി എന്ന് അന്നാട്ടുകാര്‍ വിളിക്കുന്ന മറിയാമ്മ വര്‍ക്കിയും അവരുടെ ഔവര്‍ ഓണ്‍ സ്‌കൂളിലായിയിരുന്നു രാജകുടുംബാംഗങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നടന്നത്.

റാന്നി, കണ്ടംപേരൂര്‍ കിഴുവള്ളിത്തറയില്‍ കെ.ടി. തോമസിന്റെയും സാറാമ്മയുടെയും ആറു മക്കളില്‍ നാലാമത്തേതായിരുന്നു യു.എ.ഇയില്‍ താമസമുറപ്പിച്ച ആദ്യ മലയാളി വനിത കൂടിയായ മറിയാമ്മ. അവര്‍ ഏറെ നാളായി കിടപ്പിലായിരുന്നു. മിഡില്‍ ഈസ്റ്റ് ബ്രിട്ടീഷ് ബാങ്കില്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഭര്‍ത്താവ് കെ.എസ്. വര്‍ക്കി. മകന്‍ സണ്ണി വര്‍ക്കി 2000ല്‍ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴില്‍ ഇപ്പോള്‍ നാല് രാജ്യങ്ങളിലായി അന്‍പതിലധികം സ്‌കൂളുകളാണുള്ളത്. 2010 ല്‍ യു.എ.യില്‍ ജീവിക്കുന്ന ഏറ്റവും പ്രായംചെന്ന വനിത എന്ന ബഹുമതി അവര്‍ക്കു ലഭിച്ചു. 2016ല്‍ ജെംസിലെ മികച്ച അധ്യാപിക എന്ന നിലയ്ക്ക് അവരെ ആദരിച്ചു.

Comments (0)
Add Comment