ഡെറാഡൂണില്‍ സഭക്ക് നേരെ ആക്രമണം

വാർത്ത : സിറിൽ ജോർജ്ജ്

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ സെലാക്വിയിലെ എബെനെസർ ഹൗസ് ഓഫ് പ്രയര്‍ (അഗപ്പെ ക്രിസ്ത്യന്‍ അസ്സംബ്ലി) സഭയില്‍ ഏപ്രില്‍ 22 ഞായറാഴ്ച സഭാ ആരാധന തടഞ്ഞു. കടന്നു വന്ന 80ഓളം വിശ്വാസികളെ സഭയില്‍ പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചില്ല. മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ട്‌ ചിലര്‍ നല്‍കിയ പരാതിയിന്മേല്‍ ആരാധന നടത്താന്‍ പാടില്ല എന്ന് പോലീസ് അറിയിച്ചു. മറ്റു മാര്‍ഗം ഇല്ലാത്തതിനാല്‍ വിശ്വാസികള്‍ വഴിയരികില്‍ ഇരുന്നു ആരാധന നടത്തി.

       കഴിഞ്ഞ ആഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ 40ല്‍ പരം ആളുകള്‍ സഭയില്‍ കടന്നു വരികയും പാസ്റ്റര്‍ മനിയേലിനെ അസഭ്യം പറയുകയും ചെയ്തു. മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചു സഭ നിര്‍ത്തി വെക്കണം എന്ന് അവര്‍ ആവശ്യപ്പെടുകയും, സഭായോഗത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച വിശ്വാസികളോട് അപമര്യാദയായി പെരുമാറുകയും, പാസ്റ്റര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ എല്ലാ സഭകള്‍ക്കും, വിശ്വാസികള്‍ക്കും അവരുടെ സംരക്ഷണത്തിനും വേണ്ടി ദൈവമക്കള്‍ പ്രാർഥിക്കുക.

Comments (0)
Add Comment