കേരളത്തിന് പൊള്ളുന്നു; കോട്ടയത്തും ആലപ്പുഴയിലും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ, ജില്ലകളിൽ ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാൻ സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയത്ത് ഇന്നലെ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 36.4 ഡിഗ്രിയുമായിരുന്നു ചൂട്. ശരാശരിയിലും 3 ഡിഗ്രി കൂടുതലാണിത്. പാലക്കാട് മുണ്ടൂരിലാകട്ടെ ചൂട് 40 ഡിഗ്രിയായി.

കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാൽ താപനിലയെക്കാൾ ചൂട് അനുഭവപ്പെടാനും സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനും ഇടയുണ്ട്. പകൽ 11 മുതൽ 3 വരെ നേരിട്ടു വെയിലേൽക്കരുതെന്നും നിർജലീകരണം തടയാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

പാലക്കാട് മുണ്ടൂരിലുള്ള ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിലെ (ഐആർടിസി) താപമാപിനിയിലാണ് 40 ഡിഗ്രി രേഖപ്പെടുത്തിയത്. മലമ്പുഴ അണക്കെട്ടിലെ താപമാപിനിയിൽ 36.2 ഡിഗ്രിയായിരുന്നു ചൂട്.

Comments (0)
Add Comment