ലോക ജനതയ്ക്ക് ക്രിസ്തുമസ് ആശംസയറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നവർക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. “മഹാമാരിയിൽ നിന്നുള്ള വിടുതലിനായി ലോകം കാത്തിരിക്കുകയാണ്. അതിനാൽതന്നെ പ്രതീക്ഷയോടെയാണ് ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കുന്നത്”, മുഖ്യമന്ത്രി പറഞ്ഞു. “വാക്‌സിന്റെ രൂപത്തില്‍ പ്രത്യാശയുടെ പുതിയ നക്ഷത്രം ഈ ക്രിസ്തുമസ് രാവില്‍ നമുക്ക് ദൃശ്യമാകുന്നുണ്ട്. പ്രത്യാശയുടെ വെട്ടം അകലെയല്ലെന്നാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം”, രമേശ് ചെന്നിത്തല പറയുന്നു.

“ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020-ൽ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്. ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയാണ് ലോകജനതയ്ക്കെല്ലാം. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഇപ്രാവശ്യം ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. രക്ഷാദൗത്യം എന്ന സങ്കല്‍പത്തിന് ഇപ്രാവശ്യത്തെ ക്രിസ്മസ് പുതിയമാനം നല്‍കുന്നു. പുതുവര്‍ഷം ഈ മഹാമാരിയില്‍ നിന്നുള്ള വിടുതലിന്‍റേതാകുമെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്തുമസിന്‍റെ സന്ദേശം 2021ല്‍ അര്‍ത്ഥവത്താകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.” മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ കുറിപ്പിലൂടെ ഏവർക്കും ക്രിസ്തുമസ് ആശംസ നേർന്നു, “മാനവരാശിയുടെ മേല്‍ കോവിഡ് മഹാമാരി സമാനതകളില്ലാത്ത ദുരിതം വിതച്ച ഒരു വര്‍ഷമാണ് കടന്ന് പോകുന്നത്. ഇപ്പോഴും അതിന്റെ തീഷ്ണതയില്‍ നിന്ന് ലോകം മോചനം നേടിയിട്ടില്ല. എങ്കിലും വാക്‌സിന്റെ രൂപത്തില്‍ പ്രത്യാശയുടെ പുതിയ നക്ഷത്രം ഈ ക്രിസ്തുമസില്‍ നമുക്ക് ദൃശ്യമാകുന്നുണ്ട്. മഹാദുരിതത്തിന് ശേഷം പ്രത്യാശയുടെ വെട്ടം അകലെയല്ല എന്ന സന്ദേശമാണ് ഈ ക്രിസ്തുമസ് നല്‍കുന്നത്. മനുഷ്യകുലത്തെ രക്ഷിക്കുവാനാണ് യേശു പിറന്നത്. ദുഃഖിതർക്ക് ആശ്വാസമേകി അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചാണവൻ. ഇന്ന് സമാധാനദൂതനായ ദൈവപുത്രൻ ഭൂമിയിലവതരിച്ച പുണ്യദിനം ക്രിസ്തുമസ്. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ.” അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment