ബൈബിൾ പകർത്തിയെഴുത്തിന്റെ സാക്ഷ്യവുമായി ബിൻസി

നെടുംകുന്നം: കൊറോണ പ്രതിസന്ധിയുടെ മദ്ധ്യത്തിലും വചനവായനയുടെയും ബൈബിൾ പകർത്തിയെഴുത്തിന്റെയും സാക്ഷ്യങ്ങൾ അനവധി നാം കേട്ടിരുന്നു. അത്തരത്തിൽ ഒരു നേട്ടത്തിന്റെ കഥയാണ് നെടുംകുന്നം സ്വദേശിയായ ബിൻസിയുടേത്. ഒമ്പതു മാസം കൊണ്ട് സമ്പൂർണ ബൈബിൾ മലയാളത്തിൽ പകർത്തിയെഴുതിയിരിക്കുകയാണ് പുളിക്കൽ വിനോദിന്റെ ഭാര്യയായ ബിൻസി (46) എന്ന ആ വീട്ടമ്മ.

നെടുംകുന്നം ഫൊറോനാപള്ളി ഇടവകാംഗവും സൺഡേസ്കൂൾ അധ്യാപികയുമായ ബിൻസി ജനുവരിയിലാണ് എഴുത്ത് ആരംഭിച്ചത്. നവംബർ പാതിയോടെ എഴുത്ത് പൂർത്തിയാക്കി. കഴിഞ്ഞ വർഷം സൺഡേസ്കൂളിന്റെ നേതൃത്വത്തിൽ ഓരോ അംഗങ്ങളും ചില അധ്യായങ്ങൾ വീതം എഴുതി ബൈബിൾ പൂർത്തിയാക്കിയിരുന്നു. അന്ന് 5 അധ്യായങ്ങളാണ് ബിൻസി പകർത്തിയെഴുതിയത്. തുടർന്നു സ്വന്തമായി ബൈബിൾ പകർത്തിയെഴുതാൻ ബിൻസി തീരുമാനിക്കുകയായിരുന്നു.

പിഒസി ബൈബിളിന്റെ ആദ്യ താളുമുതൽ എഡിറ്റോറിയൽ അംഗങ്ങളുടെ പേര് വിവരങ്ങൾ, പ്രസ്താവന, ഉള്ളടക്കം, ആമുഖം തുടങ്ങി എല്ലാ ഭാഗങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ ജോലികൾ തീർത്തതിനുശേഷം ഓരോ ദിവസവും 5 മണിക്കൂർ വീതം എഴുത്തിനായി മാറ്റിവെച്ചു. കാലിന് പരുക്കേറ്റ് ചികിത്സയിലായിരുന്നതിനാലാണ് എഴുത്ത് രണ്ടു മാസം വൈകിയതെന്നാണു ബിൻസി പറയുന്നത്. 3262 പേപ്പറുകളും 48 പേനകളുമാണ് എഴുത്ത് പൂർത്തിയാക്കാൻ ബിൻസി ഉപയോഗിച്ചത്. ബൈബിളിന് 21 സെന്റീമീറ്റർ ഉയരമുണ്ട്. ബൈൻഡിങ് പൂർത്തിയാക്കിയ ബൈബിൾ നെടുംകുന്നം ഫൊറോനാ വികാരി ഫാ. ജേക്കബ് അഞ്ചുപങ്കിലിനു കൈമാറി. അടുത്ത ദിവസം പളളിയിൽ പ്രദർശനത്തിന് വയ്ക്കും.

നിലവിൽ ഫൊറോനാ കൗൺസിലംഗവും കുടുംബ കൂട്ടായ്മ കോ-ഓർഡിനേറ്ററുമാണ് ബിൻസി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് വിനോദാണ് ബൈബിൾ രചനയ്ക്ക് പൂർണ പിന്തുണ നൽകിയത്. മകൻ ജൂവൽ.

Comments (0)
Add Comment