സിസ്റ്റർ അഭയ കേസ് പ്രതികൾ കുറ്റക്കാർ : ശിക്ഷാവിധി നാളെ പ്രസ്താവിക്കും

തിരുവനന്തപുരം: കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തലസ്ഥാനത്തെ സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ഇന്നു വിധി പ്രസ്താവിച്ചു. ഒന്നും രണ്ടും പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. കൊലക്കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇവർക്കുള്ള ശിക്ഷാവിധി കോടതി നാളെ പ്രസ്താവിക്കും.

1992 മാര്‍ച്ച് 27 നു പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും സംഭവകാലത്തു കോട്ടയം ബി.സി.എം. കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്ന സിസ്റ്റര്‍ അഭയയെ പ്രതികള്‍ കൊലപ്പെടുത്തി മഠത്തിനോടു ചേര്‍ന്നുള്ള കിണറ്റില്‍ തള്ളിയെന്നാണ് കേസ്. ഫ്രിഡ്ജില്‍നിന്നു വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ പുലര്‍ച്ചെ പ്രതികളെ അസ്വാഭാവിക നിലയില്‍ കണ്ടെന്നും സംഭവം പുറംലോകമറിയുമെന്ന ഭയത്താല്‍ പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയെന്നുമാണ് കോടതിയില്‍ നല്‍കിയ കുറ്റപത്രം.

Comments (0)
Add Comment