ഐപിസി എഫ്സിആർഎ രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ എഫ്സിആർഎ രജിസ്ട്രേഷനും അക്കൗണ്ടും പുന:സ്ഥാപിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവായി, ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പരിശ്രമഫലമായാണ് ഇപ്പോൾ രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചിരിക്കുന്നത്. മുൻ ഭരണസമിതിയുടെ കാലത്ത് യഥാസമയം റിട്ടേണുകൾ ഫയൽ ചെയ്യാതിരുന്നതും സഭയ്ക്കു ലഭിച്ച ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചതുമാണ് എഫ്സിആർഎ അക്കൗണ്ട് മരവിപ്പിക്കുന്നതിനും തുടർന്ന് റദ്ദാക്കുന്നതിനും കാരണമായത്.

എഫ്സിആർഎ പുനഃസ്ഥാപിക്കുന്നതിനായി ജനറൽ കൗൺസിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് ബഹു. കോടതിയുടെ നിർദ്ദേശപ്രകാരം 79 ലക്ഷത്തോളം രൂപ കെട്ടിവച്ചതോടെയാണ് ആഭ്യന്തര വകുപ്പ് രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചത്. ഇതോടെ 2017-18, 2018-19 വർഷങ്ങളിലെ റിട്ടേണുകൾ ഫയൽ ചെയ്തതായി ട്രഷറാർ അറിയിച്ചു. ഫൈൻ അടക്കുന്നതിനായി വ്യക്തികളും സഭകളും റീജിയനുകളും സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. പിഴയായി അടച്ച തുക മടക്കി ലഭിക്കുമെന്നാണ് കരുതുന്നത്. അക്കൗണ്ട് പുന:സ്ഥാപിച്ചതോടുകൂടി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി മരവിപ്പിച്ചിരുന്ന ഒന്നേകാൽ കോടിയോളം രൂപയുടെ ഇടപാടുകൾ നടത്തുന്നതിന് ജനറൽ കൗൺസിലിന് കഴിയും.

പുതിയ എഫ്സിആർഎ നിയമം അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹി ശാഖയിൽ ദർപ്പൺ അക്കൗണ്ട് തുറക്കേണ്ടതുണ്ട്. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇടപാടുകൾ നടത്താനുള്ള ശ്രമത്തിലാണ് ജനറൽ കൗൺസിൽ ഭാരവാഹികൾ, ഇന്ത്യൻ ഗ്രാമങ്ങളിലെ നൂറുകണക്കിനു സുവിശേഷകർക്ക് ഇതോടെ സാമ്പത്തിക സഹായം പുനരാരംഭിക്കാൻ സഭയ്ക്കു കഴിയും.

എഫ്സിആർഎ പുനഃസ്ഥാപിക്കുന്നതിന് കോടതിയിൽ നടത്തിയ വ്യവഹാരങ്ങൾക്ക് 3,08500 രൂപ മാത്രമാണ് ചിലവായതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജനറൽ ട്രഷറാർ സണ്ണി മുളമൂട്ടിൽ പറഞ്ഞു. മുൻ ഭരണസമിതി ന്യൂഡൽഹിയിലുള്ള എഫ്സിആർഎ അധികൃതരെ സന്ദർശിച്ചതിനും നിയമ ഉപദേശങ്ങൾക്കുമായി 4 ലക്ഷത്തോളം രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. എഫ്സിആർഎ പുനഃസ്ഥാപിച്ച് കിട്ടുന്നതിനുവേണ്ടി പ്രാർഥിച്ചവർക്കും സാമ്പത്തിക സഹായം നൽകിയവർക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാമും ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജും പ്രത്യേകം നന്ദി അറിയിച്ചു.

Comments (0)
Add Comment