പുതു ചരിത്രമെഴുതി കേരളം: പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം

തിരുവനന്തപുരം: കോവിഡിനിടെ രാജ്യത്തിന് മുന്നിൽ മറ്റൊരു മികച്ച മാതൃകയുമായി കേരളം. എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസ് മുറികളുടേയും ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ടാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2016 ൽ തുടങ്ങിയ 8 മുതൽ 10 വരെയുള്ള ക്ലാസുകൾ ഹൈടെക്കാക്കുന്ന പ്രക്രിയയാണ് പൂർത്തിയാകുന്നത്. 4752 സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 45000 ക്ലാസുകളാണ് ഡിജിറ്റിലായത്. ഒപ്പം 2019 ൽ തുടങ്ങിയ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലെ ഹൈടെക് ലാബ് പദ്ധതിയും പൂർത്തിയായി.

41 ലക്ഷം കുട്ടികൾക്കായി 3,74,274 ഉപകരണങ്ങളാണ് നൽകിയത്. 12,678 സ്കൂളുകൾക്ക് ബ്രോഡ് ബാൻഡ് ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തി. 1,19,055 ലാപ്പ് ടോപ്പുകളും 69,944 മൾട്ടി മീഡിയ പ്രൊജക്ടറുകളും ഒരുലക്ഷം എസ് ബി സ്പീക്കറുകളും അടക്കമുള്ള ഉപകരണങ്ങളും വിതരണം ചെയ്തു. ഇതിനകം 1,83,440 അധ്യാപകർ കമ്പ്യൂട്ടർ പരിശീലനവും നേടി. കൈറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് പദ്ധതി യാഥാർഥ്യമാക്കിയത്. പദ്ധതിയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ മാത്രം 730 കോടി രൂപയും ചെലവിട്ടു. ഇതിൽ 595 കോടി രൂപ കിഫ്ബി മുഖേനയും 135.5 കോടി പ്രാദേശിക തലത്തിലെ പങ്കാളിത്തത്തോടെയും ആയിരുന്നു.

Comments (0)
Add Comment