ഇത് ഒരു മാതൃകയാക്കണം: നിരീക്ഷണത്തിൽ ഉള്ളവരെ ഒറ്റപെടുത്തരുത്

എടത്വ: നിരീക്ഷണത്തിൽ കഴിയുന്നവരെ പരമാവധി ഒറ്റപ്പെടുത്താനും പറ്റുമെങ്കിൽ പോലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പിലും വിളിച്ച് പറഞ്ഞ് പരമാവധി ദ്രോഹം ചെയ്യുന്ന പ്രവണതയാണ് പലയിടത്തും കണ്ടു വരുന്നത്.സമൂഹമാധ്യമങ്ങളിലൂടെ പ്രവാസികൾ തങ്ങളുടെ വേദനയും പങ്കുവെയ്ക്കാറുണ്ട്.

എന്നാൽ തലവടി പഞ്ചായത്തിൽ 12-ാം വാർഡിൽ സ്ഥിതി നേരെ മറിച്ചാണ്.സൗഹൃദ നഗറിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുന്നത് സൗഹൃദ വേദിയാണ്. ഗേറ്റിൻ്റെ അരികിൽ വെച്ചിരിക്കുന്ന പാത്രത്തിലേക്ക് അവശ്യമായ കുടിവെള്ളം നിറച്ച് നല്കുകയാണ് ഇവർ ചെയ്യുന്നത്.

മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ ഉള്ള സൗഹൃദ വേദിയാണ് പ്രളയത്തിന് ശേഷം കുടിവെള്ളം ഇപ്പോൾ സൗജന്യമായി വിതരണം ചെയ്യുന്നത്. പ്രളയത്തിൽ കിണറുകളിൽ മലിനജലം കയറിയതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് പ്രദേശവാസികൾ അനുഭവിക്കുന്നത്.വീടുകളിൽ 20 ലീറ്റർ ജലം അടങ്ങിയ ജാറുകൾ ആണ് നല്കുന്നത്.

എടത്വാ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കഴിഞ്ഞ ദിവസം മുതൽ കണ്ടെയ്ൻമെൻ്റ് സോണിലും സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്യുവാൻ തുടങ്ങി.വെള്ളപൊക്കത്തെ തുടർന്ന് ഈ പ്രദേശത്ത് കിണറുകളിൽ മലിനജലം കയറിയതിനെ തുടർന്ന് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്.

ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതിനാൽ സ്വകാര്യ കമ്പിനികളുടെ കുടിവെള്ള വിതരണ വാഹനങ്ങൾ എത്താത്തതിനാലാണ് അടിയന്തിരമായി കുടിവെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് സൗഹൃദ വേദി ചീഫ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ, ചാരിറ്റി കൺവീനർ ഷാജി ആലുവിള ,വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ എന്നിവർ അറിയിച്ചു.

Comments (0)
Add Comment