കേരളത്തിൽ ആദ്യ കൊവിഡ് മരണം

കൊച്ചി : കേരളത്തിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. ഇവർ ദുബായിൽ നിന്ന് എത്തിയ വിമാനത്തിലെ 40 പേരും ഇപ്പോൾ നിരീക്ഷണത്തിലാണ് എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ

ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നയാളാണ്. രോഗം രൂക്ഷമായതിനെ തുടര്‍ന്ന് തീവ്ര പരിചപണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.

ദുബൈയിൽ നിന്ന് വരും വഴി എയര്‍പോര്‍ട്ടിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനായി വിളിച്ച ടാക്സി ഡ്രൈവറും കൊവിഡ് പൊസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ടാക്സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയിൽ മാത്രം മുപ്പതോളം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്.

അതേസമയം, കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. ഇന്നലെ മാത്രം 39 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്.

Comments (0)
Add Comment