എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം

തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 97.84 ശതമാനം കുട്ടികളാണ് വിജയം നേടിയിരുന്നത്. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ലെന്നും ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 14 ദിവസങ്ങൾ കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.

നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളും. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളിൽ 1,42,033, എയ്ഡഡ് സ്‌കൂളുകളിൽ 2,62,125, അണ്‍ എയ്ഡഡ് സ്‌കൂളുകളിൽ 30,984 വിദ്യാര്‍ഥികളാണുള്ളത്. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 599 സർക്കാർ സ്കൂളുകൾക്കും 713 എയ്ഡഡ് സ്കൂളുകൾക്കും 319 അണ്‍ എയ്ഡഡ് സ്കൂളുകൾക്കും നൂറു ശതമാനം വിജയം ലഭിച്ചു. 99.33 ശതമാനം വിജയം നേടിയ പത്തനംതിട്ടയാണ് ഏറ്റവും മികച്ച വിജയം നേടിയ ജില്ല. 93.22 ശതമാനം കുട്ടികൾ വിജയിച്ച വയനാട് ജില്ലയിലാണ് വിജയശതമാനം കുറവ്.

www.results.kite.kerala.gov.in എന്ന വെബ്സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പ് വഴിയും പരീക്ഷാഫലമറിയാം.

Comments (0)
Add Comment