കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന്

കണ്ണൂര്‍ :  കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന് രാവിലെ 10 മണിക്ക് നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ വിമാനത്താവളത്തില്‍ നടന്ന യോഗത്തിലാണ് സമയം സംബന്ധിച്ച് തീരുമാനമായത്. ഇതിനിടെ കണ്ണൂരില്‍ നിന്നുളള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ഈ മാസം ഒമ്പതിന് ആരംഭിക്കും.

ഉദ്ഘാടനത്തിന് 34 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിമാനത്താവളത്തിലെത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആഗമന നിര്‍ഗമന ടെര്‍മിനലുകള്‍, ബാഗേജ് പരിശോധനാ സംവിധാനങ്ങള്‍, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, സി.സി.ടി.വി കണ്‍ട്രോള്‍ റൂം തുടങ്ങിയവ നേരില്‍ കണ്ട് മുഖ്യമന്ത്രി ക്രമീകരണങ്ങള്‍ വിലയിരുത്തി.

വിമാനത്താവളത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നതിനായി തയ്യാറാക്കിയ 16.56 മീറ്റര്‍ നീളവും 11 മീറ്റര്‍ ഉയരവുമുള്ള തെയ്യരൂപം, മലബാറിലെ പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരുക്കിയ ചുവര്‍ ചിത്രങ്ങള്‍ എന്നിവയും മുഖ്യമന്ത്രി നേരില്‍ കണ്ടു. ശേഷം വിമാനത്താവളം ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെ കുറിച്ച് മുഖ്യമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഡിസംബര്‍ ഒമ്പതിന് രാവിലെ 10 മണിക്ക് ഉദ്ഘാടന ചടങ്ങ് നടത്താനാണ് യോഗത്തില്‍ തീരുമാനമായത്.ഒരു ലക്ഷത്തോളം പേര്‍ ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, കിയാല്‍ എംഡി വി തുളസീദാസ്, ഉത്തരമേഖലാ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, വിമാനത്താവളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ.പി ജോസ്, ചീഫ് ഓപ്പറേറ്റിംഗ് എഞ്ചിനീയര്‍ ഷിബുകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെ ഉദ്ഘാടന ദിവസം മുതല്‍ കണ്ണൂരില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ മാസം ഒമ്പത് മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ഉദ്ഘാടന ദിവസം രാവിലെ 11 മണിക്ക് അബുദാബിയിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ സര്‍വ്വീസ്.

Comments (0)
Add Comment