അസംബ്ലീസ് ഓഫ് ഗോഡ്
ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റ്
പാസ്റ്റർ ഫിന്നി ജോർജ് ചെയർമാൻ
ഷാജൻ ജോൺ ഇടയ്ക്കാട് സെക്രട്ടറി

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പുതിയതായി രൂപീകരിച്ച ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ ഫിന്നി ജോർജും സെക്രട്ടറിയായി ഷാജൻ ജോൺ ഇടയ്ക്കാടും നിയമിതരായി. പാസ്റ്റർ സിബി കുഞ്ഞുമോൻ ആണ് ട്രഷറാർ. ഡോ.ഡി.കുഞ്ഞുമോൻ, ഡോ.കെ.ഗിരി, മോനി ജോസഫ് എന്നിവർ കമ്മിറ്റിയംഗങ്ങളുമായി നിയമിതരായി.

അസംബ്ലീസ് ഓഫ് ഗോഡ് മുൻ ഡിസ്ട്രിക്ട് സെക്രട്ടറിയും ബഥേൽ ബൈബിൾ കോളേജ് അധ്യാപകനുമായ പാസ്റ്റർ ഫിന്നി ജോർജ്. ദൂതൻ മാസിക എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സെൻ്റിനറി വർഷത്തിൽ പുറത്തിറക്കിയ എ.ജി യുടെ സമഗ്രമായ ചരിത്രമടങ്ങിയ ഗ്രന്ഥത്തിൻ്റെ ചീഫ് എഡിറ്ററുമായിരുന്നു. ബഥേൽ ബൈബിൾ കോളേജ് എച്ച്.എം.സി. ഡയറക്ടറായും പ്രവർത്തിക്കുന്നു.

സെക്രട്ടറി ഷാജൻ ജോൺ ഇടയ്ക്കാട് എഴുത്തുകാരനും കോളമിസ്റ്റുമാണ്. മാധ്യമ പ്രവർത്തകൻ, പരിശീലകൻ, പ്രഭാഷകൻ എന്നീ നിലയിൽ ശ്രദ്ധേയനാണ്. യുണീക് മീഡിയയുടെ ചീഫ് മെൻ്ററായും പ്രവർത്തിക്കുന്നു.

പാസ്റ്റർ സിബി കുഞ്ഞുമോൻ ഉൾക്കാഴ്ച എന്ന സാഹിത്യ ദ്വൈമാസികയുടെ ചീഫ് എഡിറ്ററാണ്. എ ജി ദക്ഷിണ മേഖലാ ശബ്ദത്തിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററും, വെള്ളറട സെക്ഷൻ ട്രഷററായും പ്രവർത്തിക്കുന്നു. പന്ത എ.ജി.സഭയുടെ പാസ്റ്ററുമാണ്.

എ.ജി. ദൂതൻ മാസികയുടെ ചീഫ് എഡിറ്ററും എ.ജി. വേൾഡ് മലയാളി മീഡിയ അസോസിയേഷൻ പ്രസിഡൻ്റുമാണ് ഡോ. ഡി. കുഞ്ഞുമോൻ. എ ജി ദക്ഷിണമേഖലാ ശബ്ദം മാസികയുടെ എഡിറ്ററും ആറ്റിങ്ങൽ സെക്ഷൻ ട്രഷറാറുമായ അദ്ദേഹം കന്യാകുളങ്ങര സഭയുടെ പാസ്റ്ററായും സേവനം അനുഷ്ഠിക്കുന്നു.

ചെന്നൈ ഗുരുകുൽ തിയോളജിക്കൽ കോളേജിൽ സേവനം ചെയ്യുന്ന ഡോ. കെ.ഗിരി. ഗുരുകുലിൽ റിലീജിയൻ വിഭാഗത്തിൻ്റെ തലവനായി പ്രവർത്തിക്കുന്ന അദ്ദേഹം ഗുരുകുൽ ജേണൽ ഓഫ് തിയോളജിക്കൽ സ്റ്റഡീസിൻ്റെ എഡിറ്ററുമാണ്. ആര്യൻകോട് സഭാംഗമാണ്.

ഇടുക്കി, കമ്പിളിക്കണ്ടം സ്വദേശിനിയാണ് മോനി ജോസഫ്. മലയാളം അധ്യാപികയായിരുന്നു.

സഭയ്ക്കു ആവശ്യമായ സാഹിത്യ രചനകൾ തയ്യാറാക്കുക, പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങളാണ് ലിറ്ററേച്ചർ വിഭാഗത്തിനുള്ളത്.

Comments (0)
Add Comment